ഹരിപ്പാട്: എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിൽ മാരക ലഹരിമരുന്നുകളായ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കരുവാറ്റ എസ് എൻ കടവ് ഭാഗത്തുനിന്ന് 3.9 ഗ്രാം എംഡിഎംഎയുമായി കരുവാറ്റ വടക്കുമുറി പാലത്തറ വടക്കതിൽ സുധീഷിനെ (35) എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി എസ് ടോണിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ വി അരുൺകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ സുധീഷ് എന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവരും ഈ സംഘത്തിൽ ഉണ്ടായിരുന്നു.
ഇതിന് പുറമെ, ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാല് യുവാക്കളെയും പിടികൂടി. ലഹരിവസ്തുക്കളുടെ കടത്തിനും വിതരണത്തിനുമെതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരം അധികൃതരെ അറിയിക്കണമെന്നും എക്സൈസ് വകുപ്പ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

