തീക്കോയി-വാഗമൺ റോഡിൽ റെഡിമിക്സ് വാഹനത്തിൽ നിന്ന് വീണ കോൺക്രീറ്റും മെറ്റലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നീക്കം ചെയ്തു. കെട്ടിട
നിർമ്മാണ ആവശ്യങ്ങൾക്കായി കോൺക്രീറ്റ് കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് തീക്കോയി മുതൽ കാരികട് വരെയുള്ള ഭാഗങ്ങളിലെ വളവുകളിൽ അശ്രദ്ധമായി കോൺക്രീറ്റ് വീഴുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മാത്രം അഞ്ച് ഇരുചക്രവാഹന യാത്രക്കാരാണ് റോഡിൽ പരന്നുകിടന്ന മെറ്റലിൽ തെന്നി വീണത്.
അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരുക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കയറ്റം കയറുന്നതിനിടെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച കോൺക്രീറ്റിലെ സിമന്റും പാറപ്പൊടിയും മഴവെള്ളത്തിൽ ഒലിച്ച് പോയെങ്കിലും, റോഡരികിൽ അടിഞ്ഞുകൂടിയ കരിങ്കൽ ചീളുകൾ ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയായി മാറി.
തുടക്കത്തിൽ തന്നെ പൊതുപ്രവർത്തകനായ പി.എസ്. രതീഷ് കോൺക്രീറ്റ് റെഡിമിക്സ് കമ്പനിയുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഉടൻ തന്നെ റോഡ് വൃത്തിയാക്കാമെന്ന ഉറപ്പ് കമ്പനി അധികൃതരിൽ നിന്ന് ലഭിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. തുടർന്ന് ഈരാറ്റുപേട്ട
പൊതുമരാമത്ത് വകുപ്പ് ഓഫീസിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനെത്തുടർന്നാണ് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. ബുധനാഴ്ച വൈകിട്ട് അതേ റൂട്ടിലൂടെ എത്തിയ റെഡിമിക്സ് വാഹനം നാട്ടുകാർ തടയുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ കമ്പനി അധികൃതർ സ്ഥലത്തെത്തി ജീവനക്കാരെ നിയോഗിച്ച് റോഡിൽ ചിതറിക്കിടന്ന മെറ്റലുകൾ പൂർണ്ണമായും നീക്കം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

