കണ്ണൂർ ജില്ലയിൽ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തലിൽ ചെറുപുഴ, ഇരിട്ടി എന്നീ പ്രദേശങ്ങളെ ഉരുൾപൊട്ടൽ സാധ്യതയുള്ള റെഡ് സോണുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ സോയിൽ പൈപ്പിങ് ഭീഷണിയുള്ള പ്രദേശങ്ങളായി കണിച്ചാർ, പയ്യാവൂർ, കേളകം എന്നീ സ്ഥലങ്ങളെയും പ്രത്യേകമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തസാധ്യത മുൻകൂട്ടിക്കണ്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ജില്ലാ കലക്ടർ, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ, സബ് കലക്ടർ, ആർഡിഒ, തഹസിൽദാർമാർ, ബിഡിഒ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പൊലീസ്, അഗ്നിരക്ഷാ സേന എന്നിവയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ആവശ്യമായ ഉപകരണങ്ങൾ മുൻകൂട്ടി സജ്ജമാക്കി അവയുടെ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള പട്ടികയും തയാറായിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകളും അടിസ്ഥാന സൗകര്യങ്ങളും ജില്ലയിൽ 208 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് റവന്യൂ വകുപ്പ് സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. ഈ കേന്ദ്രങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
കുറവുള്ള സ്ഥലങ്ങളിൽ അടിയന്തരമായി സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിർദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എല്ലാ ആഴ്ചയും ദുരന്തനിവാരണ വിഭാഗം യോഗം ചേരും.
ദേശീയപാതയും തീരദേശ സുരക്ഷയും ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തലശ്ശേരി, തളിപ്പറമ്പ് ആർഡിഒമാരുടെ നേതൃത്വത്തിൽ രണ്ട് ദ്രുതകർമ സേനകളെ നിയോഗിച്ചിട്ടുണ്ട്. ഡ്രെയ്നേജ് ശുചീകരണം, തടസ്സങ്ങൾ നീക്കൽ എന്നിവയാണ് പ്രധാന ചുമതല.
അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികളും പുരോഗമിക്കുന്നു. തീരദേശത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിലെ ഗാർഡുമാരുടെ എണ്ണം നാലായി വർധിപ്പിച്ചു.
വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. രാമന്തളി പാലക്കോട് വലിയകടപ്പുറത്ത് ഡ്രെഡ്ജിങ് നടത്തി മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി ബോട്ടുകൾ ഇറക്കുന്നതിനുള്ള ബോധവൽക്കരണം ഏഴിമല നേവൽ അക്കാദമിയുടെ സഹായത്തോടെ പൂർത്തിയാക്കി.
രക്ഷാപ്രവർത്തകരുടെ വിന്യാസം ദുരന്തമുഖത്ത് പ്രവർത്തനസജ്ജരാകാൻ 750 പേരെ പ്രത്യേകമായി പരിശീലനം നൽകി ഒരുക്കിയിട്ടുണ്ട്. 18 മുതൽ 40 വയസ്സുവരെയുള്ളവരെ ഉൾപ്പെടുത്തി രൂപീകരിച്ച യുവ ആപ്ത മിത്ര ഗ്രൂപ്പിലെ 250 പേരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ 30 സന്നദ്ധ സംഘടനകളെയും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ആറളത്തെ വന്യമൃഗശല്യം നേരിടാൻ പ്രത്യേക ഇടപെടലുകൾ നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഈ മാസം 18-ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. കർണാടകയിലെ അതിതീവ്ര മഴയെത്തുടർന്ന് കൂട്ടുപുഴ, പയ്യാവൂർ, പടിയൂർ, ഉളിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ഈ മേഖലകളിൽ പ്രത്യേക ജാഗ്രത തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

