മൂന്നു പതിറ്റാണ്ടിലേറെ നീണ്ട നിയമനടപടികളിൽ നിന്നും ഒളിവിലായിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ.
1987 ജനുവരി 11-ന് നടന്ന കൊലപാതകക്കേസിലെ പ്രതിയായ വെളിയം സ്വദേശി മോഹനൻപിള്ളയാണ് 39 വർഷത്തിന് ശേഷം നിയമത്തിന് മുന്നിലെത്തിയത്. കോട്ടയം ജില്ലയിലെ കല്ലറയിൽ ‘രാജൻ’ എന്ന വ്യാജപേരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കല്ലറ പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ എഎസ്ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഇടപെടലുകളെ തുടർന്നാണ് പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസിന്റെ നാൾവഴികൾ
1987 ജനുവരി 11 വൈകിട്ട് ആറിനായിരുന്നു സംഭവം. സഹോദരീ ഭർത്താവുമായുള്ള തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ, അയൽവാസിയുടെ വീട്ടിൽ നിന്നെടുത്ത വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രശേഖരൻപിള്ളയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം വെട്ടുകത്തി വീട്ടിൽ ഒളിപ്പിച്ച പ്രതി, കെഎസ്ആർടിസി ബസിൽ ഓയൂരിലെത്തി സഹോദരിയിൽ നിന്നും പണം വാങ്ങി നാടുവിടുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെയിൽ ജോലി ചെയ്തിരുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈ കേന്ദ്രീകരിച്ചായിരുന്നു അന്ന് അന്വേഷണം നടത്തിയത്.
എന്നാൽ, വേളാങ്കണ്ണിയിലേക്ക് കടന്ന ഇയാൾ അവിടെ വച്ച് പരിചയപ്പെട്ട കോട്ടയം സ്വദേശിയായ യുവാവിനൊപ്പം കല്ലറയിലെത്തുകയായിരുന്നു.
പിന്നീട് കല്ലറയിൽ വിവാഹം കഴിച്ച്, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ‘രാജൻ’ എന്ന പേരിൽ ഇയാൾ ജീവിച്ചു വരികയായിരുന്നു. നിരീക്ഷണവും അറസ്റ്റും
കല്ലറയിൽ താമസിക്കുമ്പോൾ ഇയാൾ കാണിച്ച അസ്വാഭാവികമായ പെരുമാറ്റമാണ് എഎസ്ഐ അനീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.
മദ്യലഹരിയിൽ ഭാര്യയെ ഉപദ്രവിക്കുന്നതും, എന്നാൽ പൊലീസിനെ കാണുമ്പോൾ അമിതമായ വിനയം പ്രകടിപ്പിക്കുന്നതും സംശയത്തിനിടയാക്കി. നാലാം തവണയും കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പൊലീസ് എത്തിയപ്പോൾ, പ്രതിയുടെ ഭാര്യ നടത്തിയ വെളിപ്പെടുത്തലാണ് നിർണ്ണായകമായത്.
“സാറേ നിങ്ങൾ ഉദ്ദേശിക്കുന്നയാളൊന്നുമല്ല ഇയാൾ. ഇപ്പോൾ വിനയം കാണിക്കുന്നുവെന്നേയുള്ളു.
പൊലീസിനെന്നൊന്നും ഇയാൾക്കു പേടിയില്ല, വെളിയം പൊലീസ് സ്റ്റേഷനിൽ കുത്തുകേസിലെ പ്രതിയാണെന്നും മോഹനൻപിള്ളയെന്നാണ് യഥാർഥ പേര് എന്നും എന്നോട് പറഞ്ഞിട്ടുണ്ട്” എന്ന ഭാര്യയുടെ വാക്കുകൾ അന്വേഷണത്തിന് വഴിയൊരുക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെളിയം സ്റ്റേഷന് പകരം പൂയപ്പള്ളി സ്റ്റേഷനിലെ പഴയ ഫയലുകളിൽ പ്രതിയുടെ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, കൊലക്കേസിനെക്കാൾ വ്യാജ ആധാർ കാർഡ് നിർമ്മിച്ച കുറ്റമാണ് വലിയതെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പൂയപ്പള്ളി എസ്ഐ എം.രജനീഷാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനും തുടർനടപടികൾക്കും നേതൃത്വം നൽകിയത്.
തുടർനടപടികൾ
പ്രതിയെ പിടികൂടിയ വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇനി പുനരന്വേഷണത്തിനായി കോടതിയിൽ അപേക്ഷ നൽകും.
പ്രതിയുടെ ബന്ധു തിരിച്ചറിഞ്ഞെങ്കിലും നിയമസാധുതയ്ക്കായി ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

