മഹാരാഷ്ട്രയിൽ ക്രൈസ്തവ സഭകളുടെയും വിവിധ മിഷനറി സംഘടനകളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ സർക്കാർ തലത്തിൽ സമഗ്രമായ ഓഡിറ്റ് ആരംഭിക്കുന്നു. സംസ്ഥാനത്തെ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുളെ ആണ് ഇക്കാര്യം അറിയിച്ചത്.
വരുന്ന മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതൽ മിഷനറിമാർ കൈവശം വെച്ചിരിക്കുന്ന ഭൂമിയും, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കൈമാറ്റം ചെയ്യപ്പെട്ട
സ്വത്തുക്കളും ഇതിൽ ഉൾപ്പെടും. കൈവശമുള്ള ഭൂമിയുടെ രേഖകൾ നിയമവിധേയമാണോ എന്ന് പരിശോധിക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം.
ചന്ദ്രശേഖർ ബവൻകുളെയുടെ വാക്കുകളിൽ പറഞ്ഞാൽ, “നിയമപരമായ രേഖകളുള്ളവർ ആശങ്കപ്പെടേണ്ടതില്ല”. എന്നാൽ, പരിശോധനയിൽ ചട്ടലംഘനമോ അനധികൃത കയ്യേറ്റമോ കണ്ടെത്തിയാൽ സർക്കാർ ഭൂമി തിരിച്ചെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രത്യേകിച്ചും, സ്കൂളുകൾക്കും ആശുപത്രികൾക്കുമായി അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാസിക് ഡയോസിഷൻ ട്രസ്റ്റ് അസോസിയേഷൻ ലിമിറ്റഡ് ഉൾപ്പെടെയുള്ളവയുടെ ഭൂമി നിരീക്ഷണത്തിലായിരിക്കും. തർക്കഭൂമികളിൽ വീടുകളോ കോളനികളോ നിലവിലുണ്ടെങ്കിൽ നിയമവകുപ്പുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
പ്രാർഥനാ യോഗങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ മുംബൈ ഫോർ പീസ് എന്ന കൂട്ടായ്മയുടെ കീഴിലുള്ള 25 ക്രിസ്ത്യൻ സംഘടനകൾ നൽകിയ നിവേദനത്തിന് പിന്നാലെയാണ് സർക്കാർ ഇത്തരമൊരു പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

