കാഞ്ഞങ്ങാട് കൊവ്വൽപള്ളി നിവാസികളുടെ സ്നേഹം പിടിച്ചുപറ്റിയ സരസു എന്ന തെരുവുനായ വിടവാങ്ങി. തെരുവുനായ്ക്കളോട് ക്രൂരത കാണിക്കുന്നവരോട് പോലും സ്നേഹം മാത്രം പ്രകടിപ്പിച്ചിരുന്ന സരസുവിന്റെ വിയോഗം നാട്ടുകാർക്ക് തീരാനഷ്ടമായി.
പത്തുവർഷത്തിലേറെയായി ഈ പ്രദേശത്തെ സജീവസാന്നിധ്യമായിരുന്നു സരസു. വാഹനങ്ങളുടെ തിരക്കില്ലാത്ത സമയം നോക്കി സീബ്രാ ലൈനിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുന്ന സരസുവിന്റെ ശീലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മന്ന്യോട്ട് ക്ഷേത്രം പരിസരത്തും സരസു സ്ഥിരമായി എത്താറുണ്ടായിരുന്നു.
ആരു നൽകുന്ന ഭക്ഷണവും സ്വീകരിക്കുകയും പരിചയമുള്ളവരോട് ഏറെ സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന സരസു ഒരിക്കൽ പോലും ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്നലെ രാവിലെയാണ് ടൗണിലെ ഒരു പെട്ടിക്കടയുടെ അടിയിൽ സരസുവിനെ ചത്തനിലയിൽ കണ്ടെത്തിയത്.
വിവരം അറിഞ്ഞയുടൻ നഗരസഭാ ശുചീകരണത്തൊഴിലാളികളുടെ സഹായത്തോടെ നാട്ടുകാർ സംസ്കാര ചടങ്ങുകൾ നടത്തി. സരസുവിന്റെ ഓർമ്മയ്ക്കായി പൂക്കൾ അർപ്പിക്കുകയും കൊവ്വൽപള്ളിയിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലെ സ്റ്റാറ്റസുകളിലും സരസുവിന്റെ ചിത്രം നിറഞ്ഞുനിന്നു. പ്രദേശവാസികളുടെ കാവൽക്കാരിയായാണ് സരസുവിനെ നാട്ടുകാർ സ്മരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

