ബിസിനസ് ക്ലാസിൽ വിമാനയാത്ര നടത്തുന്നതിനിടെ വികാരഭരിതനായി കരയുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ടന്റ് ക്രിയേറ്റർ ആഷ് ലാംബ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്.
ബിസിനസ് ക്ലാസ് ക്യാബിനിൽ ഇരിക്കവേ അപ്രതീക്ഷിതമായി താൻ വികാരാധീനനാകുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സംഭവത്തെക്കുറിച്ച് ആഷ് ലാംബ കുറിച്ചതിങ്ങനെ: “യഥാർത്ഥത്തിൽ ഈ ഫ്ലൈറ്റിൽ ഒരു തമാശ വീഡിയോ റെക്കോർഡ് ചെയ്യാനാണ് ഞാൻ പദ്ധതിയിട്ടിരുന്നത്.
ക്യാമറ ഓൺ ചെയ്ത നിമിഷം ഞാൻ തകർന്നുപോയി. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.” തന്റെ കുട്ടിക്കാലത്തെ സ്വപ്നങ്ങളാണ് ഈ നിമിഷത്തിൽ തന്നെ അസ്വസ്ഥനാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വിമാനത്താവളങ്ങളെയും ബിസിനസ് ക്ലാസ് സൗകര്യങ്ങളെയും കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന തന്റെ ബാല്യകാലത്തെ അദ്ദേഹം ഓർത്തെടുത്തു. സഹപാഠികൾ ലണ്ടൻ യാത്രകളെക്കുറിച്ചും, ആഡംബര കാറുകൾ, ബ്ലാക്ക്ബെറി ഫോണുകൾ, ഉയർന്ന നിലവാരമുള്ള വസ്ത്രങ്ങൾ എന്നിവയെക്കുറിച്ചും സംസാരിക്കുമ്പോൾ താനും അത്തരം ജീവിതങ്ങൾ സ്വപ്നം കണ്ടിരുന്നു.
മാതാപിതാക്കൾ തനിക്ക് മികച്ചൊരു ജീവിതം നൽകാൻ കഠിനാധ്വാനം ചെയ്തിരുന്നുവെങ്കിലും, ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യവും അനുഭവങ്ങളും ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറയുന്നു. “എനിക്ക് കൂടുതൽ അനുഭവങ്ങളും കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ തിരഞ്ഞെടുപ്പുകളും വേണമായിരുന്നു.
എനിക്ക് ലോകം കാണണമായിരുന്നു. എന്റെ ജീവിതത്തെ പൂർണ്ണമായി മാറ്റുന്ന എന്തെങ്കിലും കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു.
ആ സ്വപ്നം എനിക്കൊരു അഭിനിവേശമായി മാറി.” ഇന്ന് താൻ ആഗ്രഹിച്ചതുപോലെയുള്ള ജീവിതം നയിക്കാൻ സാധിക്കുന്നതിലും, സ്വപ്നം കണ്ട കാറുകൾ ഓടിക്കാനും വീടുകളിൽ താമസിക്കാനും കഴിയുന്നതിലും നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, പഴയ സ്വപ്നങ്ങൾ കൈവിടാതെ കാത്തുസൂക്ഷിച്ച ആ കൊച്ചുകുട്ടിയെയാണ് താൻ കാണുന്നതെന്നും ആഷ് ലാംബ കുറിച്ചു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

