അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ കൗതുകമുണർത്തി യുഎസ് സൈന്യത്തിന്റെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം റഷ്യയിൽ ഇറങ്ങിയതായി റിപ്പോർട്ട്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24 നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ III വിമാനമാണ് മോസ്കോയിലെ വനുക്കോവോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടരുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത സംഭവം. എന്നാൽ, വിമാനത്തിന്റെ ലാൻഡിംഗിനെക്കുറിച്ച് യാതൊരു ഔദ്യോഗിക വിവരവും ലഭിച്ചിട്ടില്ലെന്നാണ് റഷ്യയുടെ പ്രതികരണം.
യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ റിഗയിൽനിന്ന് റഷ്യൻ സമയം രാവിലെ 8:50ന് പുറപ്പെട്ട യുഎസ് വിമാനം, കൃത്യം രാവിലെ 10 മണിയോടെ വനുക്കോവോ വിമാനത്താവളത്തിൽ പറന്നിറങ്ങുകയായിരുന്നു.
സൈനികരുടെ ദീർഘയാത്രകൾക്കും അത്യാധുനിക സൈനിക ഉപകരണങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് കൂറ്റൻ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ. ഏകദേശം 77,500 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുള്ള ഈ വിമാനങ്ങൾക്ക് 53 മീറ്ററാണ് നീളമുള്ളത്.
യുഎസ് സൈനിക വിമാനം റഷ്യൻ മണ്ണിൽ അപ്രതീക്ഷിതമായി ഇറങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഊഹാപോഹങ്ങൾ ശക്തമായിട്ടുണ്ട്. നയതന്ത്രപരമായ ചർച്ചകൾക്കോ അതല്ലെങ്കിൽ തടവുകാരെ പരസ്പരം കൈമാറുന്നതിനോ ഉള്ള സാധ്യതകളിലേക്കാണ് ചില റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്.
ഈ വർഷം ഓഗസ്റ്റ് ആദ്യവാരം മുൻ യുഎസ് മറൈൻ ഉദ്യോഗസ്ഥനായ റോബർട്ട് ഗിൽമാനെ മോചിപ്പിച്ചതും, ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന സമാനമായ തടവുകാരുടെ കൈമാറ്റങ്ങളും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്കായി രഹസ്യ നയതന്ത്ര ചാനലുകൾ സജീവമായിട്ടുണ്ടാകാനുള്ള സാധ്യതയും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, ഈ ആഴ്ച യുഎസ് പ്രതിനിധികളുമായി ചർച്ച നടത്താൻ നിലവിൽ ഒരു പദ്ധതിയുമില്ലെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലുള്ള ക്യാമ്പ് സ്പ്രിങ്സ് വ്യോമതാവളത്തിൽ നിന്നാണ് ഈ മാസം 23നാണ് വിമാനം റിഗയിൽ എത്തിയത്.
യുഎസ് പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന ജോയിന്റ് ബേസ് ആൻഡ്രൂസ് സ്ഥിതി ചെയ്യുന്നത് ഈ ക്യാമ്പ് സ്പ്രിങ്സ് വ്യോമതാവളത്തിലാണ്. എങ്കിലും, ഈ വിമാനത്തിന്റെ സാന്നിധ്യംകൊണ്ട് മാത്രം ഏതെങ്കിലും ഉന്നത യുഎസ് ഉദ്യോഗസ്ഥൻ യാത്രയിലാണെന്ന് പൂർണ്ണമായി സ്ഥിരീകരിക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഈ വർഷം ജനുവരിക്ക് ശേഷം ആദ്യമായാണ് യൂറോപ്പിൽനിന്ന് റഷ്യയിലേക്ക് ഒരു യുഎസ് വിമാനം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ജനുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായി പ്രത്യേക നയതന്ത്ര പ്രതിനിധികളായ സ്റ്റീവൻ വിറ്റ്കോഫും ജാരെഡ് കുഷ്നറും റഷ്യ സന്ദർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

