പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി മണ്ണീറ വെള്ളച്ചാട്ടം മാറിക്കഴിഞ്ഞു. വേനൽക്കാലത്തും മഴക്കാലത്തും ഒരേപോലെ സൗന്ദര്യം പകരുന്ന ഈ ജലപാതം സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
മഴയുടെ ശക്തിയാൽ പാറക്കെട്ടുകൾക്കിടയിലൂടെ കുത്തിയൊലിച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി കണ്ണിന് കുളിർമയേകുന്ന ഒന്നാണ്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്നും മണ്ണീറ റോഡിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിനടുത്തെത്താം.
വർഷത്തിൽ പകുതിയിലധികം ദിവസങ്ങളിലും സജീവമായി തുടരുന്ന വെള്ളച്ചാട്ടം കാണാൻ ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. അടവിയിൽ എത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗം പേരും മണ്ണീറ വെള്ളച്ചാട്ടം കൂടി സന്ദർശിച്ചാണ് മടങ്ങുന്നത്.
അവധി ദിവസങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നത് മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നു. വനത്തിൽ നിന്നും ഉത്ഭവിച്ച് ജനവാസ മേഖലയിലൂടെ ഒഴുകിയെത്തുന്ന ഈ അരുവി പ്രകൃതി സ്നേഹികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

