പൂച്ചാക്കൽ കേന്ദ്രീകരിച്ച് നടന്നു വരുന്ന ജനസംഖ്യ കണക്കെടുപ്പ് ജോലികൾക്കിടയിൽ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളും രസകരമായ നിമിഷങ്ങളും ഏറെയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലെ സമ്മർദ്ദങ്ങൾക്കിടയിലും തങ്ങൾ നേരിട്ട
കൗതുകകരമായ അനുഭവങ്ങൾ നർമത്തിൽ ചാലിച്ച് ഉദ്യോഗസ്ഥർ തങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കിടയിലും പങ്കുവെക്കാറുണ്ട്. സെൻസസ് മാപ്പിലെ ആശയക്കുഴപ്പം
ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മാപ്പിന്റെ ഘടന പലപ്പോഴും അവരെ വട്ടം കറക്കാറുണ്ട്.
“എന്റമ്മോ എന്റെ മാപ്പാണ് മാപ്പ്, ഒരിക്കലും മാപ്പ് കൊടുക്കില്ല, ആ മാപ്പ് ക്രിയേറ്റർക്ക്” എന്നാണ് മാപ്പിന്റെ സങ്കീർണ്ണതയെക്കുറിച്ച് ഒരാൾ പ്രതികരിച്ചത്. പല വാർഡുകൾ കൂട്ടിക്കലർത്തിയും വഴിതിരിവുകൾ വ്യക്തമല്ലാത്ത രീതിയിലുമാണ് മാപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഭാഷാപരമായ തടസ്സങ്ങളും സാഹസികതയും
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ജോലി ചെയ്യാൻ ഭാഷ അറിയാത്ത ഉദ്യോഗസ്ഥർ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഒരു ഉദ്യോഗസ്ഥ ഹിന്ദി അധ്യാപികയെ കൂട്ടിപ്പിടിച്ച് ജോലി പൂർത്തിയാക്കിയത് ഇതിനൊരുദാഹരണമാണ്.
കൂടാതെ, അപ്രതീക്ഷിതമായ നായയുടെ ആക്രമണ ഭീഷണിയും പലർക്കും നേരിടേണ്ടി വരുന്നു. “ഇന്ന് ഒരു നായയുടെ കടി കിട്ടിയേനെ, ദൈവാനുഗ്രഹം കൊണ്ടുമാത്രം രക്ഷപ്പെട്ടു” എന്ന് ഒരാൾ പങ്കുവെച്ചപ്പോൾ, താൻ മൂർഖൻ പാമ്പിനെ കണ്ട
അനുഭവമാണ് മറ്റൊരാൾ മറുപടിയായി നൽകിയത്. ചുമർ ചിത്രീകരണവും പരാതികളും
വീടുകളിൽ പെർമനന്റ് മാർക്കർ ഉപയോഗിച്ച് വലിയ അക്ഷരത്തിൽ നമ്പർ രേഖപ്പെടുത്തുന്നത് പലപ്പോഴും വീട്ടുകാരുടെ അതൃപ്തിക്ക് കാരണമാകുന്നുണ്ട്.
ചുമര് വൃത്തികേടാക്കി എന്നാരോപിച്ച് വീട്ടുടമകൾ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്. മറ്റ് അനുഭവങ്ങൾ
സെൻസസ് ജോലിയുടെ ഭാഗമായി മാപ്പ് വരയ്ക്കുന്നതിനെക്കുറിച്ച് “താഴെ നിന്ന് മുകളിലുള്ള കാഴ്ചകൾ വരച്ചെടുക്കാൻ നമ്മൾ ഡാവിഞ്ചികളൊന്നുമല്ല, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കണം” എന്ന അഭിപ്രായവും ഉദ്യോഗസ്ഥർക്കിടയിൽ ഉയരുന്നുണ്ട്.
ജോലി വൈകിയാൽ ആമസോൺ വനാന്തരങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിക്കുമോ എന്ന തമാശയും ഗ്രൂപ്പുകളിൽ സജീവമാണ്. ഒരു പ്രദേശത്ത് വീടുകൾ കയറി മടങ്ങുന്നതിനിടെ വഴിതെറ്റിയ അനുഭവത്തെ “ചക്രവ്യൂഹത്തിൽ അകപ്പെട്ട
അഭിമന്യുവിന്റെ അവസ്ഥ” എന്നാണ് ഒരു ഉദ്യോഗസ്ഥ വിശേഷിപ്പിച്ചത്. കഠിനമായ കാലാവസ്ഥയെ ഭയക്കാതെ ജോലികൾ തുടരുന്ന ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി പൂർവ വിദ്യാർത്ഥികളും സഹായത്തിനെത്തുന്നുണ്ട്.
“ടീച്ചറെ ഞാനും വരാം” എന്ന് പറഞ്ഞ് വഴി കാണിക്കാൻ കൂടെ കൂടുന്ന വിദ്യാർത്ഥികളുടെ സ്നേഹം പല ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമാണ് പകരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

