മുള്ളേരിയയിൽ നിർമ്മാണം പുരോഗമിക്കുന്ന ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതി ലൈനിനായി മരങ്ങൾ നീക്കം ചെയ്ത സംരക്ഷിത വനഭൂമിയിൽ ഇനി ഔഷധച്ചെടികളുടെ പച്ചപ്പ് നിറയും. വൈദ്യുത ലൈനുകൾക്ക് താഴെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉയരം കുറഞ്ഞ 32,500-ഓളം ഔഷധച്ചെടികൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിക്കാനാണ് തീരുമാനം.
പദ്ധതിയുടെ മേൽനോട്ട ചുമതല അതത് പ്രദേശങ്ങളിലെ വനസംരക്ഷണ സമിതികൾക്കായിരിക്കും.
അശോകം, നെല്ലി, പേര, കുമ്പിൾ, ഇലഞ്ഞി, ഞാവൽ തുടങ്ങിയ സസ്യങ്ങളാണ് പ്രധാനമായും നട്ടുപിടിപ്പിക്കുക. ഇതിനായുള്ള തൈകൾ ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി ഉൽപ്പാദിപ്പിക്കുകയും അടുത്ത വർഷം ജൂൺ മാസത്തോടെ തൈകൾ നടുന്ന പ്രക്രിയ പൂർത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
പ്രധാനമായും കാറഡുക്ക സെക്ഷൻ പരിധിയിൽ വരുന്ന 13 ഹെക്ടർ സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 3.6 കിലോമീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലുമാണ് നേരത്തെ മരങ്ങൾ മുറിച്ചുമാറ്റിയത്.
അന്ന് നീക്കം ചെയ്തതിൽ ഭൂരിഭാഗവും അക്കേഷ്യ മരങ്ങളായിരുന്നു. അവയ്ക്ക് പകരമായി ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നത് പരിസ്ഥിതി പുനഃസ്ഥാപനത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിക്ക് പകരമായി കമ്മാടം കാവിൽ ഭൂമി നൽകിയിട്ടുണ്ട്. കൂടാതെ, മരങ്ങൾ വെട്ടിമാറ്റിയതിന് പകരമായി പുതിയ തൈകൾ നടുന്നതിനായുള്ള തുക വനം വകുപ്പ് മുൻകൂറായി തന്നെ ഈടാക്കിയിരുന്നു.
വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ഉയരം കുറഞ്ഞ സസ്യങ്ങൾ മാത്രം നടണമെന്ന കേന്ദ്ര നിർദ്ദേശം കർശനമായി പാലിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി സൗഹൃദ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ ജോസ് മാത്യു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

