കേരള ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകരുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. നിലവിൽ കോടതിയിലുള്ള കേസുകളുടെ എണ്ണത്തിലെ വർധനവും ജഡ്ജിമാരുടെ എണ്ണത്തിൽ ഉണ്ടായ മാറ്റങ്ങളും പരിഗണിച്ച്, കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ശുപാർശ അംഗീകരിച്ചാണ് ഈ തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം 11 അധിക തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് സ്പെഷ്യൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, അഞ്ച് ഗവൺമെന്റ് പ്ലീഡർമാർ എന്നിങ്ങനെയാണ് തസ്തികകളുടെ വിഭജനം.
നിലവിൽ 137 സർക്കാർ അഭിഭാഷകരാണ് ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്നത്. ഒരു വർഷത്തേക്കാണ് ഈ താൽകാലിക നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
എന്നിരുന്നാലും, ഭാവിയിൽ ഈ തസ്തികകൾ സ്ഥിരപ്പെടുത്താനോ കാലാവധി ദീർഘിപ്പിക്കാനോ സാധ്യതയുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ലോയേഴ്സ് കോൺഗ്രസ് വിവിധ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ തസ്തികകൾ അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ, സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽ അംഗങ്ങളെ നിയമിച്ചുകൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഒരു സീനിയർ സ്റ്റാൻഡിങ് കൗൺസിൽ അംഗത്തെയും നാല് സ്റ്റാൻഡിങ് കൗൺസിൽ അംഗങ്ങളെയുമാണ് നിയമിച്ചത്.
ഇതിൽ സീനിയർ സ്റ്റാൻഡിങ് കൗൺസിൽ അംഗമായി എം.ആർ. രമേഷ് ബാബുവിനെ നിയമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

