കേരളത്തിൽ വ്യാപകമായി അനുഭവപ്പെടുന്ന ശക്തമായ കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ ബോട്ട് ശക്തമായ കാറ്റിൽപ്പെടുകയായിരുന്നു.
മാറാട് ബഹറുൽ ഇസാൻ എന്ന ബോട്ടിലുണ്ടായിരുന്ന 50-ലധികം മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. മധ്യകേരളത്തിൽ മഴക്കെടുതികൾ രൂക്ഷമായി തുടരുകയാണ്.
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി മരം വീണ് മരിച്ചു. ഗൂഡല്ലൂർ സ്വദേശിയായ പെരുമായി ആണ് മരണപ്പെട്ടത്.
അതേസമയം, കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ ചുഴലിയിൽ കോഴിക്കോട് ചെക്യാട് പ്രദേശത്ത് വ്യാപകമായി മരങ്ങൾ കടപുഴകി വീണു. കല്ലാച്ചിയിൽ നാല് വീടുകൾക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം കാലാവസ്ഥാ വ്യതിയാനം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

