കാക്കനാട് ജില്ലാ ജയിലിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ തടവുകാരുടെ എണ്ണത്തിൽ വൻ വർധന. 87 പേരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ നിലവിൽ കഴിയുന്നത് 215 പേരാണ്.
ഇതിൽ മൂന്നിലൊന്ന് ഭാഗവും ലഹരിമരുന്ന് കേസുകളിൽ റിമാൻഡിലായവരാണ്. തടവുകാരുടെ എണ്ണം ശേഷിയെക്കാൾ ഇരട്ടിയായതോടെ ജയിലിലെ ലോക്കപ്പ് മുറികളിൽ തിങ്ങിനിറഞ്ഞാണ് തടവുകാർ കഴിയുന്നത്.
ജയിലിലുള്ള ഒൻപത് വലിയ ലോക്കപ്പ് മുറികൾ, അഞ്ച് ചെറിയ ലോക്കപ്പ് മുറികൾ, നാല് സിംഗിൾ ലോക്കപ്പ് മുറികൾ എന്നിവയിൽ ആവശ്യമായ സ്ഥലസൗകര്യമില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജയിലിൽ ഫാനുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, അമിതമായ തിരക്ക് കാരണം തടവുകാർക്ക് കടുത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
ജില്ലാ ജയിലിന്റെ അനുവദനീയമായ ശേഷി 87 പുരുഷന്മാർ, ആറ് ട്രാൻസ്ജെൻഡർ വിഭാഗക്കാർ, 11 സ്ത്രീകൾ എന്നിങ്ങനെയാണ്. എന്നാൽ വനിതാ ജയിലിലും ശേഷിയിൽ കൂടുതൽ തടവുകാരുണ്ട്.
റിമാൻഡ് തടവുകാർക്ക് പുറമെ ചെറിയ ശിക്ഷ ലഭിച്ചവരും ഇവർക്കൊപ്പമുണ്ട്. സമീപ ജില്ലകളിലെ ജയിലുകളിലേക്ക് തടവുകാരെ മാറ്റാൻ ശ്രമിച്ചെങ്കിലും അവിടെയും തിരക്ക് കൂടുതലായതിനാൽ ആ നടപടി പ്രായോഗികമല്ലാതായി മാറിയിരിക്കുന്നു.
ജീവനക്കാരുടെ കുറവും സുരക്ഷാ വെല്ലുവിളികൾ വർധിപ്പിക്കുന്നുണ്ട്. 18 മുതൽ 21 വയസ്സ് വരെയുള്ള തടവുകാരെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റുന്നതിലൂടെയാണ് വലിയൊരു തിരക്ക് നിയന്ത്രിക്കാൻ സാധിക്കുന്നത്.
2014ലെ ജയിൽ ചട്ടപ്രകാരം ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റർ സ്ഥലം ലഭിക്കണം. എന്നാൽ ജയിലിലെ മൊത്തം തടവുമുറികളുടെ വിസ്തൃതി 324 ചതുരശ്ര മീറ്റർ മാത്രമാണ്.
യഥാർത്ഥത്തിൽ 758 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കഴിയേണ്ടവരാണ് ഈ പരിമിത സാഹചര്യത്തിൽ കഴിയുന്നത്. റിമാൻഡ് തടവുകാർ ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തിറങ്ങുന്നുണ്ടെങ്കിലും, അതിലേറെ ആളുകൾ ദിവസവും പുതുതായി റിമാൻഡിലായി എത്തുന്നത് തിരക്ക് കുറയാത്തതിന് കാരണമാകുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

