ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായി. രാജ്യതലസ്ഥാനമായ ദില്ലിയിലും പരിസരപ്രദേശങ്ങളിലും പെയ്യുന്ന കനത്ത മഴ ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും താറുമാറാക്കി.
ദില്ലി – ജയ്പൂർ ദേശീയപാതയിൽ ഗുഡ്ഗാവ് ഭാഗത്ത് പ്രധാന പാതയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതിനെത്തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളുന്ന വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
റോഡുകളിലെ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത തടസ്സവും പരിഗണിച്ച്, സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് താൽക്കാലികമായി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാൻ ബന്ധപ്പെട്ട അധികൃതർ നിർദ്ദേശം നൽകി.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മലയോര സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂലൈ 13 വരെ ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.
ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ശക്തമായി പെയ്യുകയാണ്.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

