രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) രംഗത്ത്. മെഡിക്കൽ കോളേജുകളിലെ സിസിടിവി സംവിധാനങ്ങൾ കമ്മീഷന്റെ കേന്ദ്രീകൃത നെറ്റ്വർക്കുമായി അടിയന്തരമായി ബന്ധിപ്പിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഈ നിർദ്ദേശം പാലിക്കാൻ വീഴ്ച വരുത്തിയ 70 മെഡിക്കൽ കോളേജുകൾക്കാണ് കമ്മീഷൻ അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ചികിത്സാ മേഖലയുടെയും മേൽനോട്ടം വഹിക്കുന്ന പരമോന്നത സമിതിയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ.
സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോളേജുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ കമ്മീഷന്റെ സെൻട്രൽ മോണിറ്ററിംഗ് നെറ്റ്വർക്കുമായി നേരിട്ട് ബന്ധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ സംവിധാനം പൂർത്തീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ രണ്ട് പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളും നടപടി നേരിടുന്ന ഈ പട്ടികയിൽ ഉൾപ്പെടുന്നു. ആലപ്പുഴയിലെ ടിഡി മെഡിക്കൽ കോളേജ്, കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളേജ് എന്നിവയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളേജുകളുടെ പ്രവർത്തനങ്ങളിൽ സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

