തൃത്താല മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ മഴക്കുറവ് ശുദ്ധജല ലഭ്യതയെ ഗുരുതരമായി ബാധിക്കുന്നു. കർക്കടകം, ചിങ്ങം മാസങ്ങളിൽ ലഭിക്കേണ്ട
മഴ ലഭിക്കാത്തതിനെത്തുടർന്ന് ഭാരതപ്പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇതിന്റെ പ്രതിഫലനം പ്രദേശത്തെ കിണറുകൾ ഉൾപ്പെടെയുള്ള വിവിധ ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴുന്നതിന് കാരണമായിട്ടുണ്ട്.
തിരുമിറ്റക്കോട്, തൃത്താല, പരുതൂർ, കപ്പൂർ, പട്ടിത്തറ, ആനക്കര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ഈ ജലക്ഷാമ പ്രതിസന്ധി ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. പ്രദേശത്തെ പ്രധാന ആശ്രയമായ വെള്ളിയാങ്കല്ല് ജലസംഭരണിയിലെ ജലനിരപ്പും താഴ്ന്ന നിലയിലാണ്.
തടയണയുടെ ഉൾവശത്തു പല ഭാഗങ്ങളിലും മണൽ തെളിഞ്ഞു കാണുന്ന സ്ഥിതിയാണുള്ളത്. തടയണയുടെ മുൻവശത്തും ജലലഭ്യത കുറഞ്ഞിട്ടുണ്ട്.
വെള്ളിയാങ്കല്ലിനെ ആശ്രയിച്ചുള്ള വിവിധ ശുദ്ധജലപദ്ധതികളിലേക്കുള്ള ജലലഭ്യതയെയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. പാവറട്ടി ശുദ്ധജല പദ്ധതി ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളെയും ജലലഭ്യതയിലെ കുറവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി മുടക്കം ശുദ്ധജല വിതരണത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൈദ്യുതി തടസ്സപ്പെടുന്നതുമൂലം പമ്പ് ഹൗസുകളിലെ മോട്ടറുകളും മറ്റും പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരുന്നു.
ഇത് ജലസംഭരണികളിലേക്കു വെള്ളം എത്തിക്കുന്നതിലും തുടർന്ന് വിതരണം നടത്തുന്നതിലും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കിണറുകളിലെ ജലലഭ്യത കുറഞ്ഞതോടെ നിലവിൽ പല പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പ് വെള്ളം മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം.
എന്നാൽ, ശുദ്ധജല വിതരണത്തിലുണ്ടാകുന്ന നിയന്ത്രണം കുടുംബങ്ങളുടെ സാധാരണ ജീവിതത്തെയും ബാധിക്കുന്നുണ്ട്. പല പ്രദേശങ്ങളിലും ദിവസങ്ങളോളം പൈപ്പ് വെള്ളത്തിനായി കാത്തിരിക്കേണ്ട
ഗതികേടിലാണ് ജനങ്ങൾ. കിണറുകളിൽ വെള്ളം വറ്റിയതോടെ മറ്റ് മാർഗങ്ങളില്ലാത്ത കുടുംബങ്ങളാണ് ഇതിലൂടെ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.
മഴക്കുറവ് വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് കൂടുതൽ താഴ്ന്നു പ്രതിസന്ധി രൂക്ഷമാകുമെന്ന വലിയ ആശങ്കയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

