പന്തീരാങ്കാവിൽ നിന്ന് 10 കോടിയിലധികം വിലവരുന്ന 1.013 കിലോഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ സാമ്പത്തിക ഇടപാടുകൾക്കായി വ്യാപകമായി മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
മരിച്ചുപോയവരുടെയോ ഉപയോഗശൂന്യമായി കിടക്കുന്നതോ ആയ ബാങ്ക് അക്കൗണ്ടുകൾ പ്രതിഫലം നൽകി വാടകയ്ക്കെടുത്ത് മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയാണ് മ്യൂൾ അക്കൗണ്ടുകൾ വഴി നടപ്പിലാക്കിയത്. പന്തീരാങ്കാവിൽ പിടിയിലായ സംഘം ഈ രീതിയിലൂടെ കഴിഞ്ഞ 6 മാസത്തിനിടെ ഏകദേശം 10 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നും ഒരു വനിത ഉൾപ്പെടെ രണ്ടുപേരെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പൊലീസ് പിടികൂടിയ 13 കിലോഗ്രാം ലഹരിമരുന്നു കടത്തിയതും ഇതേ സംഘം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലമ്പൂർ സ്വദേശി സി.അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പി.സൂര്യ എന്നിവരെയാണ് നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയത്. നൈജീരിയൻ സ്വദേശികളിൽ നിന്നാണ് തങ്ങൾക്ക് ലഹരിമരുന്ന് ലഭിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
എന്നാൽ, ഈ നൈജീരിയൻ പൗരന്മാർക്ക് ഇത്രയധികം ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സി.അജ്മൽ, പി.സൂര്യ എന്നിവരെ വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
പന്തീരാങ്കാവ് ബൈപാസിൽ വെച്ച് എക്സൈസ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് 3.200 കിലോഗ്രാം മെത്താംഫിറ്റമിനും 56 ഗ്രാം എംഡിഎംഎയും പിടികൂടിയ കേസിലും ഈ ലഹരിമരുന്നു സംഘാംഗങ്ങൾ സമാന രീതിയിൽ മ്യൂൾ അക്കൗണ്ടുകളാണ് പണമിടപാടുകൾക്കായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

