മലപ്പുറം ജില്ലയിലെ ചോക്കാട് – പെടയന്താൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള പരാതിയിൽ പഞ്ചായത്ത് ഭരണകൂടം സ്വീകരിച്ച നിലപാട് പ്രതിഷേധത്തിന് വഴിവെക്കുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം, അഴുക്കുചാൽ മണ്ണിട്ടു മൂടിയ സ്ഥലത്തിന്റെ ഉടമസ്ഥരുടെ പേരും വിലാസവും പരാതിക്കാരൻ തന്നെ കണ്ടെത്തണമെന്ന വിചിത്ര നിർദ്ദേശമാണ് പഞ്ചായത്തിൽ നിന്നും ലഭിച്ചിരിക്കുന്നത്.
പെടയന്താൾ സ്വദേശിയായ തൈതൊടിക മുഹമ്മദ് കുട്ടി കഴിഞ്ഞ ജൂൺ 17-നാണ് ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പരാതി സമർപ്പിച്ചത്. റോഡരികിലെ അഴുക്കുചാൽ പൂർണ്ണമായും മണ്ണിട്ടു മൂടിയതിനെ തുടർന്ന് മഴവെള്ളം ഒഴുകിപ്പോകാതെ റോഡിലേക്ക് കയറുന്നതും, തൽഫലമായി റോഡ് വ്യാപകമായി തകരുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥല പരിശോധന നടത്തിയതായി സമ്മതിക്കുമ്പോഴും, അഴുക്കുചാൽ മൂടിയ സ്ഥലത്തിന്റെ ഉടമസ്ഥരെ കണ്ടെത്താൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ, ഉടമസ്ഥരുടെ പേരും വിലാസവും ഏഴു ദിവസത്തിനകം രേഖാമൂലം ഹാജരാക്കാൻ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.
ഉത്തരവാദിത്തപ്പെട്ട തദ്ദേശ സ്ഥാപനം സ്വന്തം കടമയിൽ നിന്നും ഒഴിഞ്ഞുമാറി പരാതിക്കാരനെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിലവിൽ റോഡിലെ വലിയ കുഴികളും വെള്ളക്കെട്ടും മൂലം കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും വലിയ അപകടഭീഷണിയിലാണ് കഴിയുന്നത്. മഴ ശക്തമായതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ദുഷ്കരമായി മാറിയിരിക്കുകയാണ്.
അടിയന്തരമായി റോഡ് നവീകരിക്കുകയും അഴുക്കുചാൽ പുനഃസ്ഥാപിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണുകയും വേണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

