കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ, ജോലിക്ക് എത്തിയ ജീവനക്കാരെ ഓഫിസിനുള്ളിലേക്ക് പ്രവേശിപ്പിക്കാതെ കോറോഹെൽത്ത് മാനേജ്മെന്റ്. സർക്കാരുമായി ചർച്ച നടത്തി അന്തിമ തീരുമാനമുണ്ടാകുന്നത് വരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കുമെന്ന് നേരത്തെ ധാരണയായിരുന്നു.
എന്നാൽ, ഈ ഉറപ്പ് പൂർണമായും ലംഘിച്ചുകൊണ്ടാണ് മാനേജ്മെന്റ് ഇന്ന് ജീവനക്കാരെ ഗേറ്റിൽ തടഞ്ഞത്. നിലവിൽ ഓഫിസിന് പുറത്ത് പ്രതിഷേധിക്കുകയാണ് ജീവനക്കാർ.
സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ലേബർ കമ്മിഷണർ ഇന്ന് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തൊഴിൽ സെക്രട്ടറിയും കൊച്ചിയിൽ എത്തിയേക്കുമെന്നാണ് വിവരം.
അതേസമയം, സർക്കാരുമായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് പിന്മാറിയ കമ്പനി അധികൃതർ, ബുധനാഴ്ച ചർച്ചയാവാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ബുധനാഴ്ച നിർണായക ചർച്ച നടക്കും.
യുഎസിലെ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോഹെൽത്ത്, മുന്നറിയിപ്പില്ലാതെയാണ് കൊച്ചി പാലാരിവട്ടം ഓഫിസിലെ അറുന്നൂറോളം പേരെയും കോഴിക്കോട് ഓഫിസിലെ ഇരുനൂറോളം പേരെയുമടക്കം എണ്ണൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടത്. ഓഫിസിലെ അനൗൺസ്മെന്റിലൂടെ ‘ഇന്ന് നിങ്ങളുടെ അവസാനത്തെ ദിവസമാണ്’ എന്ന് അറിയിക്കുകയായിരുന്നു.
കമ്പനിയുടെ ലോഗോ പോലുമില്ലാത്ത വെറും വെള്ളക്കടലാസിലാണ് പിരിച്ചുവിടൽ അറിയിപ്പ് നൽകിയത്. കേരളത്തിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുമ്പോഴും നോയ്ഡയിലും ഹൈദരാബാദിലും കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
కొച്ചി ഓഫിസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചതിനെത്തുടർന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ് സ്ഥലത്തെത്തിയിരുന്നു. സർക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കാൻ കമ്പനി സമ്മതിച്ചിരുന്നു.
എന്നാൽ, ഈ ധാരണയ്ക്കും വിരുദ്ധമായി ചില ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരമായി ശമ്പളം നിക്ഷേപിക്കുകയായിരുന്നു. സർക്കാർ ഇടപെടുന്നതിന് മുൻപേ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് മാനേജ്മെന്റിന്റെ ശ്രമമെന്ന് ജീവനക്കാർ ആരോപിക്കുന്നു.
കോ–വർക്കിങ് സ്പേസ് ഓഫിസിൽ പ്രവർത്തിക്കുന്ന കമ്പനി, ജീവനക്കാരെ പ്രവേശിപ്പിക്കരുതെന്ന് കോ–വർക്കിങ് സ്പേസ് അധികൃതർക്ക് നിർദേശം നൽകിയതായാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

