ചാത്തന്നൂർ ചിറക്കര പഞ്ചായത്തിലെ ഏറം തെക്ക് പ്രദേശത്ത് പ്രവർത്തിക്കുന്ന അഹന്യ നിവാസ് എന്ന വീട്ടിൽ വൻ കവർച്ച. ഗൾഫിലുള്ള സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീട് കുത്തിത്തുറന്നാണ് അക്രമികൾ നാശനഷ്ടങ്ങൾ വരുത്തിയത്.
വീട്ടിൽ ആരും താമസിക്കാത്ത സമയത്താണ് മോഷണം നടന്നത്. സുരേഷ് കുമാറിന്റെ ഭാര്യ നിലവിൽ പകൽക്കുറിയിലുള്ള സ്വന്തം വീട്ടിലാണ് താമസം.
വീടിനുള്ളിലെ വൈദ്യുത വയറിംഗുകൾ പൂർണ്ണമായും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. സ്വിച്ച് ബോർഡുകൾ ഇളക്കിമാറ്റിയ ശേഷം ഉള്ളിലെ ചെമ്പുകമ്പികൾ മോഷ്ടിച്ചു.
ഇതിനുപുറമെ, ശുചിമുറിയിലെ ക്ലോസറ്റുകൾ അടിച്ചുപൊട്ടിക്കുകയും ടാപ്പുകൾ അഴിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വീടിനുള്ളിലെ അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലാണ്.
സാധനങ്ങൾ വാരിവലിച്ചിട്ട അക്രമികൾ, വീടിനുള്ളിൽ ഇരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
രണ്ടുദിവസം മുൻപ് രാത്രി സമയത്ത് വീടിനുള്ളിൽ നിന്നും ശബ്ദം കേട്ടതായി പരിസരവാസികൾ അറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
സംഭവത്തിൽ പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

