പാലാ നഗരസഭ ഭരണസമിതിയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ, നിലവിൽ ഭരണപക്ഷത്തുള്ള സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട
പ്രമേയം പാസാക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഈ നിർണ്ണായക തീരുമാനം തുടർനടപടികൾക്കായി പാർട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് കൈമാറാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
കേരള കോൺഗ്രസ് (എം) മായി ഏതെങ്കിലും തരത്തിലുള്ള സഹകരണത്തിനില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് കുട്ടി വ്യക്തമാക്കി. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി വൈ എഫ് ഐ സമ്മേളനത്തിനായി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ നടന്ന സംഭവവികാസങ്ങളാണ് കോൺഗ്രസ് നേതൃത്വത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.
ഭരണസമിതി നേതൃത്വം ഡി വൈ എഫ് ഐക്ക് വേണ്ടി ഒത്തുകളിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ദിയ ബിനു പുളിക്കക്കണ്ടം നേതൃത്വം നൽകുന്ന ഭരണസമിതിയുടെ നിലപാടുകളിൽ വലിയ അതൃപ്തിയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനുള്ളത്.
കോൺഗ്രസിന്റെ ശക്തമായ എതിർപ്പുകളെ അവഗണിച്ച് നടന്ന വോട്ടെടുപ്പിലൂടെയാണ് ഡി വൈ എഫ് ഐയുടെ പരിപാടിക്ക് നഗരസഭ അനുമതി നൽകിയത്. കൗൺസിൽ യോഗത്തിൽ സ്വതന്ത്ര കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവരും ഒരു കേരള കോൺഗ്രസ് അംഗവും ഹാജരായിരുന്നില്ല.
ഭരണപക്ഷ അംഗങ്ങളുടെ അസാന്നിധ്യം മുതലെടുത്ത് പ്രതിപക്ഷം വോട്ടെടുപ്പിലൂടെ ഡി വൈ എഫ് ഐക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഭരണസമിതി എൽ ഡി എഫുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം രംഗത്തെത്തി. “കൗൺസിലിൽ പ്രതിപക്ഷത്തിന് ആവശ്യത്തിന് ക്വാറം തികഞ്ഞിരുന്നതിനാലാണ് വിഷയം വോട്ടെടുപ്പിലേക്ക് പോയത്.
ഒരു മരണം നടന്നതിനാലാണ് തന്റെ പിതാവും അങ്കിളും കൗൺസിലിന് എത്താതിരുന്നതെന്നും ഭരണപക്ഷത്തെയും കോൺഗ്രസിലെയും പല അംഗങ്ങൾക്കും വ്യക്തിപരമായ കാരണങ്ങളാൽ എത്താൻ കഴിഞ്ഞിരുന്നില്ല,” എന്ന് അവർ വിശദീകരിച്ചു. കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്ന കാര്യത്തിൽ തനിക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി അവർ പറഞ്ഞു.
പിന്തുണ പിൻവലിക്കുമെന്ന യു ഡി എഫ് ഭീഷണിയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും, അന്തിമ തീരുമാനമെടുക്കേണ്ടത് യു ഡി എഫ് നേതൃത്വമാണെന്നും ദിയ ബിനു പുളിക്കക്കണ്ടം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

