പാർട്ടി വിട്ടുപോയ നേതാക്കളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ രംഗത്തെത്തി. തെറ്റുതിരുത്തി വരുന്ന ആരെയും സ്വീകരിക്കുക എന്നത് പാർട്ടിയുടെ പൊതുരീതിയാണെന്നും എന്നാൽ, പാർട്ടി വിട്ടുപോയവർ ചെയ്തത് വർഗവഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് എം.വി. ഗോവിന്ദൻ പറഞ്ഞതിങ്ങനെ: ‘‘നേരത്തെ തന്നെ ഇതെല്ലാം ഞങ്ങൾ സ്വയം വിമർശനമായി കണ്ടതാണ്.
ഓരോരുത്തർ അവിടെയും ഇവിടെയും ഇരുന്ന് ഓരോ ചാനലിലായി സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല. തെറ്റു തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരെയും തിരിച്ചെടുക്കുമല്ലോ.
അതിലെന്താ സംശയം. അവർ പാർട്ടിയെ വഞ്ചിച്ചു.
വർഗവഞ്ചനയാണ്, ചതിയാണ് ചെയ്തത്. അത് കൃത്യമായിട്ട് പാർട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അത് സുധാകരനായാലും ടി.കെ. ഗോവിന്ദൻ ആയാലും വി.
കുഞ്ഞിക്കൃഷ്ണനായാലും. എല്ലാവരും പാർട്ടിയെ വഞ്ചിച്ച് ചതിച്ച് പോകുന്ന നിലപാടാണ് സ്വീകരിച്ചത്.
അത് അതിശക്തമായി വിമർശിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.
എന്നാൽ ഒരു പൊതു നിയമം എല്ലാവർക്കും ബാധകമാണല്ലോ, തെറ്റുതിരുത്തിയാൽ എല്ലാവർക്കും തിരിച്ചെത്താം.’’ നേരത്തെ, ടി.കെ. ഗോവിന്ദനും വി.
കുഞ്ഞിക്കൃഷ്ണനും ഉൾപ്പെടെയുള്ളവർ തെറ്റുതിരുത്തി മടങ്ങിവരികയാണെങ്കിൽ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് എം.വി. ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു.
മുൻകാലങ്ങളിൽ പാർട്ടി വിട്ടുപോയ എം.വി. രാഘവനെയും കെ.ആർ.
ഗൗരിയമ്മയെയും പാർട്ടി തിരികെ സ്വീകരിച്ചിട്ടുണ്ടെന്നും, നയപരമായ തെറ്റുകൾ സംഭവിച്ചുവെന്ന് ബോധ്യപ്പെടുന്നവരെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും എം.വി. ജയരാജൻ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

