കുവൈത്തിൽ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്തിരുന്ന പ്രവാസികൾക്ക് മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക ഇളവ് കാലാവധി അവസാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മുൻപ് വിസ മാറ്റത്തിന് കർശനമായ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
ഈ കാലയളവിൽ ആകെ 27,141 വിദേശ തൊഴിലാളികളാണ് തങ്ങളുടെ വിസ മറ്റ് മേഖലകളിലേക്ക് വിജയകരമായി മാറ്റിയത്. 2026-ലെ രണ്ടാം നമ്പർ മന്തിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ താൽക്കാലിക ഇളവ് 2026 മേയ് 1 മുതൽ ജൂൺ 30 വരെയാണ് പ്രാബല്യത്തിലുണ്ടായിരുന്നത്.
വിവിധ മേഖലകളിൽ നിന്നുള്ള കണക്കുകൾ താഴെ പറയുന്നവയാണ്:
ചെറുകിട-ഇടത്തരം സംരംഭങ്ങൾ: 16,048 തൊഴിലാളികൾ
കാർഷിക മേഖല: 4,460 തൊഴിലാളികൾ
വ്യവസായ മേഖല: 3,300 തൊഴിലാളികൾ
മേച്ചിൽ/വളർത്തുമൃഗ പരിപാലന മേഖല: 3,087 തൊഴിലാളികൾ
മത്സ്യബന്ധന മേഖല: 246 തൊഴിലാളികൾ
തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലും വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിലും ഈ തീരുമാനം വലിയ പങ്കുവഹിച്ചതായി അധികൃതർ വ്യക്തമാക്കി. പൊതുതാൽപ്പര്യം മുൻനിർത്തിയും തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രാജ്യത്തിന്റെ വികസന ആവശ്യങ്ങൾക്ക് അനുസൃതമായി വഴക്കം ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഈ നടപടി സ്വീകരിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി തൊഴിൽ വിഭജനം ഉറപ്പാക്കാനും വർക്ക് ഫോഴ്സ് മാനേജ്മെന്റ് കാര്യക്ഷമമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

