റിയാദിൽ ചികിത്സയിലിരിക്കെ എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശിയായ കരക്കയിൽ തഫ്സീർ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.
റിയാദിലെ അമീർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തഫ്സീർ.
അഞ്ച് ദിവസം മുൻപ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താമസസ്ഥലത്തിന് സമീപമുള്ള ക്ലിനിക്കിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുകൾ വർദ്ധിച്ചതോടെ സ്പോൺസറുടെ സഹായത്തോടെ റെഡ് ക്രസന്റിനെ വിവരം അറിയിക്കുകയും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമീർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
യൂസുഫ് ഖാൻ ആണ് പിതാവ്. താഹിറയാണ് മാതാവ്.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് എറണാകുളം ജില്ലാ കെഎംസിസി പ്രസിഡൻറ് ഉസ്മാൻ പരീദ്, ജനറൽ സെക്രട്ടറി മുജീബ് മൂലയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, വലീദ് ഖാൻ, തഫ്സീറിന്റെ സുഹൃത്ത് ഹാഷിം ആലപ്പുഴ എന്നിവരും സഹായങ്ങൾക്കായി രംഗത്തുണ്ട്.

