സംസ്ഥാനത്ത് മഴയുടെ തീവ്രത തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ താലൂക്കുകളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ, ജലാശയങ്ങളിലെയും ഡാമുകളിലെയും ജലനിരപ്പ്, നിലവിലെ കാലാവസ്ഥാ സാഹചര്യം എന്നിവ വിലയിരുത്തിയ ശേഷമാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ തീരുമാനം.
മോശം കാലാവസ്ഥ തുടരുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണം തുടരുകയാണ്. മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം:
– 05/07/2026: കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്.
– 06/07/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്.
– 07/07/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്.
ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊതുജനങ്ങൾക്കുള്ള സുരക്ഷാ നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ക്യാമ്പുകൾ തുറന്നിട്ടുള്ള പ്രദേശങ്ങളിൽ പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ശ്രദ്ധിക്കുക.
കൂടാതെ, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ബലഹീനമായ മേൽക്കൂരകളിലും വീടുകളിലും താമസിക്കുന്നവർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകർന്നു വീഴാനുമുള്ള സാധ്യതകൾ മുൻനിർത്തി ജാഗ്രത വേണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

