ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക അധിനിവേശങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളിൽ പങ്കെടുത്ത ചൈന, നമീബിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് ഈ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയ ഇറാൻ, ഈ രാജ്യങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും ആഗോള നീതിന്യായ കോടതികളിലും അന്താരാഷ്ട്ര വേദികളിലും വിചാരണ ചെയ്യുമെന്ന് വ്യക്തമാക്കി. ഇതിനാവശ്യമായ എല്ലാ നിയമ-നയതന്ത്ര മാർഗ്ഗങ്ങളും തേടുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, യുദ്ധാനന്തര ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലവിലെ യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളാൻ അമേരിക്ക തയ്യാറാകണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവശ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാൻ പാർലമെന്റ് സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുൻകാലങ്ങളെ അപേക്ഷിച്ച് മേഖലയിലെ സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും, പുതിയ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ യുദ്ധാനന്തര സംഭവവികാസങ്ങൾ അമേരിക്കയെ നിർബന്ധിതരാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പുതിയ അന്തരീക്ഷത്തിൽ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാനും, ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്യാനുള്ള വഴികൾ തെളിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും ഒമാനുമായി ചേർന്ന് ഇറാൻ നടത്തുന്ന സംയുക്ത സുരക്ഷാ മേൽനോട്ടം മേഖലയിലെ അമേരിക്കൻ ഇടപെടലുകൾ കുറയ്ക്കാനും, വ്യാപാര-ഗതാഗത സഹകരണം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും മുഹമ്മദ് ബാഗർ ഗാലിബാഫ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

