കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ അബ്ബാസലിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വിവിധ കാലയളവുകളിൽ കരിപ്പൂർ വിമാനത്താവള പരിസരത്തു നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സ്റ്റേഷനിലെ സുരക്ഷിത ലോക്കറിൽ സൂക്ഷിച്ചിരുന്ന നാലു പവൻ മാല, ബ്രേസ്ലറ്റ്, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഈ കേസിൽ മുൻ എസ്എച്ച്ഒയുടെ പങ്കുണ്ടെന്നാണ് കൊണ്ടോട്ടി എഎസ്പിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. നേരത്തെ പാലക്കാട് സൗത്ത് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ കൃത്യവിലോപത്തിന് ഇദ്ദേഹം സസ്പെൻഷനിലായിരുന്നു.
സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയപ്പോൾ, സ്വർണം കൈവശം വന്നത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പിന്നീട് അത് കൈവശമുള്ള വിവരം മറന്നുപോയി എന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. സ്വർണം തിരികെ നൽകി വിഷയം ഒതുക്കിത്തീർക്കാൻ ഉദ്യോഗസ്ഥൻ ശ്രമം നടത്തിയതായും റിപ്പോർട്ടിൽ സൂചനയുണ്ട്.
2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജൻസ്) നൽകിയ പ്രത്യേക റിപ്പോർട്ടിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സ്റ്റേഷന്റെ സുരക്ഷാ സംവിധാനത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും ഇത് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
സ്വർണ മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിനായി മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

