രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടനടി കുറവ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. വരും ആഴ്ചകളിലും ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു തുടരുകയാണെങ്കിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അസംസ്കൃത എണ്ണവിലയിൽ വൻ വർധനവുണ്ടായ ഘട്ടത്തിൽ, ജൂൺ 30 വരെയുള്ള കാലയളവിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവ ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വിറ്റഴിച്ചത്. ഇതിലൂടെ കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള വിപണിയിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും, പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് സംഭരിച്ച എണ്ണയാണ് നിലവിൽ സംസ്കരണത്തിന് ഉപയോഗിക്കുന്നത്. അതിനാൽ, വിലയിലെ കുറവ് അടുത്ത രണ്ട് മൂന്ന് മാസത്തേക്ക് കൂടി തുടർന്നാൽ മാത്രമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ പ്രതിസന്ധി ഉണ്ടായപ്പോൾ വികസിത രാജ്യങ്ങളിൽ ഇന്ധനവില ഏകദേശം 20 ശതമാനവും അയൽരാജ്യങ്ങളിൽ 35 ശതമാനത്തോളവും ഉയർന്നപ്പോൾ ഇന്ത്യയിൽ അത് 5.58 ശതമാനം മാത്രമായിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനിടയിൽ രാജ്യത്തെ 1,07,000 പെട്രോൾ പമ്പുകളിലും തടസ്സമില്ലാതെ ഇന്ധനവിതരണം ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
സ്വകാര്യ കമ്പനിയായ നയാര പെട്രോൾ, ഡീസൽ വില കുറച്ച നടപടിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ലിറ്ററിന് അഞ്ചു രൂപ വർധിപ്പിച്ചവർ, ഇപ്പോൾ അത് പിൻവലിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്നാൽ പൊതുമേഖലാ എണ്ണക്കമ്പനികൾ അക്കാലയളവിൽ വില വർധിപ്പിക്കാൻ തയ്യാറായിരുന്നില്ലെന്നും മന്ത്രി ഹർദീപ് സിങ് പുരി ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

