കാസർകോട് ജില്ലയിൽ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സ്ഥാപിക്കണമെന്ന ആവശ്യത്തിൽ നിർണായക പുരോഗതി. എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ തയ്യാറെടുക്കുന്ന പട്ടികയിൽ കാസർകോടിന്റെ പേരും ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി, എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ എന്നിവർ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന്, എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡന്റ് നാസർ ചെർക്കളം, സെക്രട്ടറി നിസാം ഫലാഹ്, റഫീക് പൈവളികെ എന്നിവർ നേരിട്ട് മന്ത്രി കെ.മുരളീധരനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
കാസർകോടിന്റെ പേരും പ്രപ്പോസലിൽ ഉൾപ്പെടുത്താമെന്നും അന്തിമ തീരുമാനം കേന്ദ്രത്തിന്റേതായിരിക്കുമെന്നും മന്ത്രി വാക്കാൽ അറിയിച്ചതായി ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ ലഭ്യമായ ഭൂമിയെക്കുറിച്ചും മന്ത്രി ആരാഞ്ഞു.
പുല്ലൂർ പെരിയയിൽ ഉൾപ്പെടെ 22,000 ഹെക്ടർ സർക്കാർ ഭൂമി ലഭ്യമാണെന്ന് സംഘം മന്ത്രിക്കുമുന്നിൽ വിശദീകരിച്ചു. നേരത്തെ ഉദുമ എംഎൽഎ കെ.നീലകണ്ഠനും സർക്കാരിനോട് സമാന ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ സർക്കാരിന്റെ അതേ നിലപാടാണ് പുതിയ ഭരണകൂടവും സ്വീകരിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് ജനകീയ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. പ്രപ്പോസലിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തിയില്ലെങ്കിൽ, രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് എംഎൽഎമാരും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷർ എന്നിവരടങ്ങുന്ന സംഘം സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തുമെന്ന് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, കോഓർഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

