വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള മീൻമുട്ടി വെള്ളച്ചാട്ടം വീണ്ടും സഞ്ചാരികൾക്കായി തുറന്നു നൽകണമെന്ന ആവശ്യം നാട്ടുകാരും വ്യാപാരികളും ശക്തമാക്കുന്നു. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം പത്തു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്.
മീൻമുട്ടിയോടൊപ്പം പ്രദേശത്തെ പ്രധാന ആകർഷണങ്ങളായ നീലിമല വ്യൂ പോയിന്റ്, സൺറൈസ് വാലി എന്നിവ കൂടി തുറന്നു പ്രവർത്തിപ്പിക്കുന്നത് മേഖലയുടെ ടൂറിസം വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിൽ ഏഴാം സ്ഥാനത്തും കേരളത്തിൽ രണ്ടാം സ്ഥാനത്തുമായി നിൽക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടത്തിന് മുന്നൂറടിയിലേറെ ഉയരമുണ്ട്.
എതിർവശത്തുള്ള മലനിരകളിൽ നിന്ന് നോക്കുമ്പോൾ വെള്ളച്ചാട്ടത്തിന്റെ പൂർണ്ണരൂപം കാണാൻ സാധിക്കും. പച്ചപുതച്ച കുന്നുകൾക്കിടയിൽ ഈ ദൃശ്യഭംഗി മറ്റൊരു വെള്ളച്ചാട്ടത്തിനും വയനാട്ടിലില്ല.
മഴക്കാലത്ത് കൂടുതൽ സുന്ദരമാകുന്ന ഈ പ്രദേശം സാഹസിക വിനോദസഞ്ചാരികളുടെ വലിയൊരു കേന്ദ്രമായിരുന്നു. അടച്ചുപൂട്ടലിലേക്ക് നയിച്ച സാഹചര്യം
2011-ൽ ഗോവ സ്വദേശിയായ ഒരു വിനോദസഞ്ചാരി അപകടത്തിൽപ്പെട്ടതിനെത്തുടർന്നാണ് വനംവകുപ്പ് മീൻമുട്ടി വെള്ളച്ചാട്ടം അടച്ചിടാൻ തീരുമാനിച്ചത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നീലിമല, സൺറൈസ് വാലി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും അധികൃതർ അടച്ചു. ഇതോടെ നൂറുകണക്കിന് സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന പ്രദേശത്ത് സന്ദർശകരുടെ വരവ് പൂർണ്ണമായും നിലച്ചു.
ഈ തീരുമാനം മൂപ്പൈനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വ്യാപാര മേഖലയെയും പ്രാദേശിക വരുമാനത്തെയും സാരമായി ബാധിച്ചു. തുടരാത്ത നടപടികൾ
വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോടെ വീണ്ടും തുറക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് തടസ്സമെന്നാണ് സൂചന. രണ്ട് വർഷം മുൻപ് വനസംരക്ഷണ സമിതി മാസ്റ്റർ പ്ലാൻ തയാറാക്കി വനംവകുപ്പിന് സമർപ്പിച്ചിരുന്നുവെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല.
വടുവൻചാൽ അടക്കമുള്ള ടൗണുകളുടെ വികസനത്തിന് ഈ കേന്ദ്രങ്ങൾ തുറക്കുന്നത് അനിവാര്യമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. ടൂറിസം മേഖലയിലെ വരുമാന സാധ്യതകൾ കണക്കിലെടുത്ത് അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നാണ് പൊതുപ്രവർത്തകരുടെയും വ്യാപാരികളുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

