പാലക്കാട് നഗരത്തിലെ പൊതുനിരത്തുകളിൽ കന്നുകാലികളുടെ ശല്യം വർധിച്ച സാഹചര്യത്തിൽ, ഇവയെ പിടിച്ചുകെട്ടാനുള്ള നടപടികൾ ഊർജിതമാക്കി നഗരസഭ. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കന്നുകാലികളെ റോഡുകളിലേക്ക് അഴിച്ചുവിടുന്നത് പതിവായതോടെയാണ് ഭരണസമിതി ശക്തമായ നടപടികളിലേക്ക് നീങ്ങുന്നത്.
നഗരത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ കന്നുകാലി ശല്യം രൂക്ഷമാണെന്നും, ഇത് ഗതാഗത തടസ്സവും സുരക്ഷാ ഭീഷണിയും ഉയർത്തുന്നതായും അധികൃതർ വിലയിരുത്തുന്നു. ഈ വിഷയം സംബന്ധിച്ച് നടന്ന കൗൺസിൽ യോഗത്തിൽ, അതതു വാർഡുകളിലെ ജനപ്രതിനിധികൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് വ്യക്തമാക്കി.
പൊലീസിന്റെ നിസഹകരണം പ്രതിസന്ധിയാകുന്നു കന്നുകാലികളെ പിടിച്ചുകെട്ടുന്ന കാര്യത്തിൽ പൊലീസ് മതിയായ സഹകരണം നൽകുന്നില്ലെന്ന ആക്ഷേപം നഗരസഭ ശക്തമായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പൊലീസ് നിലപാടിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
മുൻപ് നഗരസഭ ഉദ്യോഗസ്ഥർ പിടിച്ചുകെട്ടിയ കന്നുകാലികളെ ചിലർ ബലം പ്രയോഗിച്ച് കൊണ്ടുപോയിരുന്നു. ഈ സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് അധികൃതർ ആരോപിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് കന്നുകാലികളെ പിടിച്ചുകെട്ടുന്ന നടപടികളിൽ നിന്ന് നഗരസഭ താൽക്കാലികമായി പിന്മാറേണ്ടി വന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നഗരസഭയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

