അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലീഷ് പട
അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കോംഗോ വിങ്ങർ ബ്രയാൻ സിപെംഗയിലൂടെയാണ് ആദ്യ ഗോൾ പിറന്നത്.
ബോക്സിനുള്ളിൽ നിന്ന് പന്ത് വലയിലെത്തിച്ച് കോംഗോ തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. തുടർന്ന് സമനിലയ്ക്കായി ഇംഗ്ലണ്ട് നടത്തിയ നിരന്തരമായ ആക്രമണങ്ങളെ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി എൻസൗ മികച്ച സേവുകളിലൂടെ തടഞ്ഞു.
ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ മികച്ച ശ്രമങ്ങൾ പലതവണ വിഫലമായി. കൂടാതെ ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് അനുകൂലമായ പെനാൽറ്റി ലഭിക്കാതെ പോയതും തിരിച്ചടിയായി.
മറുവശത്ത് കോംഗോ സ്ട്രൈക്കർ യോവാൻ വിസ്സയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ഇംഗ്ലണ്ടിന് ആശ്വാസമായി. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച ഇംഗ്ലണ്ട് 75-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി.
ആന്റണി ഗോർഡൻ നൽകിയ ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ ഗോളാക്കി മാറ്റി. തുടർന്ന് 86-ാം മിനിറ്റിൽ വീണ്ടും ഗോർഡന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച ഹാരി കെയ്ൻ കോംഗോയുടെ പോസ്റ്റിലേക്ക് വെടിയുണ്ട
കണക്കെ ഷോട്ട് ഉതിർത്ത് ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുകയായിരുന്നു. ഈ വിജയത്തോടെ പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ച ഇംഗ്ലണ്ട്, അടുത്ത റൗണ്ടിൽ ലോകകപ്പിന്റെ സഹ-ആതിഥേയരായ മെക്സിക്കോയെ നേരിടും.
മികച്ച പോരാട്ടവീര്യം പുറത്തെടുത്താണ് കോംഗോ ടൂർണമെന്റിൽ നിന്ന് മടങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

