തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷ് അറസ്റ്റിൽ. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ താമസിക്കുന്ന വിഘ്നേശ്വരി (27) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി തന്നെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഇതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്നും വ്യക്തമാക്കുന്ന വിഘ്നേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
യുവതിയുടെ മൊബൈൽ ഫോണിൽ നിന്നും പീഡനം തെളിയിക്കുന്ന നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുന്നതിന്റെ രണ്ടു ദിവസം മുൻപാണ് ദമ്പതികളുടെ രണ്ടാം വിവാഹ വാർഷികം കഴിഞ്ഞത്.
നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളാണ് മരിച്ച വിഘ്നേശ്വരി. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ പിതാവ് ചന്ദ്രൻ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
വിഘ്നേശ്വരിയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽ ഗ്ലാസ് തകർത്ത് ഉള്ളിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

