മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നിയമനടപടികൾ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രകൃതി സംരക്ഷണ സമിതി രംഗത്ത്.
കേസ് ദുർബലപ്പെടുത്തുന്നതിനായി ബോധപൂർവമായ ഇടപെടലുകൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി സമിതി വ്യക്തമാക്കി. സർക്കാർ പ്ലീഡർ ആവശ്യപ്പെട്ടിട്ടും ആവശ്യമായ രേഖകൾ കൈമാറാൻ സൗത്ത് വയനാട് ഡിഎഫ്ഒ തയ്യാറായിട്ടില്ല.
ഉദ്യോഗസ്ഥന് മേൽ ഉന്നതതലത്തിൽ ശക്തമായ സമ്മർദമുണ്ടെന്നതിന്റെ തെളിവാണിതെന്ന് സമിതി വിലയിരുത്തുന്നു. സർക്കാരിന്റെ അറിവില്ലാതെ ഇത്തരം ഫയലുകൾ തടഞ്ഞുവെക്കാൻ സാധ്യതയില്ലെന്നും സമിതി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വനംവകുപ്പിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. മരങ്ങൾ വനംവകുപ്പിന്റേതല്ലെന്ന നിലപാടാണ് വനംമന്ത്രി സ്വീകരിച്ചത്.
ഈ വാദം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സമിതി വിമർശിച്ചു. മുൻ സർക്കാരിന്റെ കാലത്തും കേസ് അട്ടിമറിക്കാൻ സമാനമായ നീക്കങ്ങൾ നടന്നതായി ഇവർ ഓർമ്മിപ്പിച്ചു.
വനംവകുപ്പിന്റെ ഈ കേസ് ദുർബലമായാൽ, നിലവിൽ എസ്ഐടി അന്വേഷിച്ചുവരുന്ന കേസുകളും ഇല്ലാതാകുമെന്ന് സമിതി ആശങ്കപ്പെടുന്നു. പൊതുമുതൽ കൊള്ളയടിച്ചവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും, ഇതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

