കൊച്ചി കോർപറേഷൻ പരിധിയിൽ തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള നടപടികൾ ജീവനക്കാരുടെ അഭാവം മൂലം പ്രതിസന്ധിയിലാകുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് തവണ കോർപറേഷൻ ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം സംഘടിപ്പിച്ചെങ്കിലും, ഒരാൾ പോലും പങ്കെടുക്കാൻ തയ്യാറായില്ല.
ഇതിനെത്തുടർന്ന് അടുത്ത ആഴ്ച വീണ്ടും അഭിമുഖം നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ കരാർ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാർ ഈ സേവനം നിർവഹിക്കുന്നത്.
കരാർ വ്യവസ്ഥകൾ ആകർഷകമല്ലാത്തതാണ് പുതിയ ഉദ്യോഗാർത്ഥികളെ ആകർഷിക്കാൻ കഴിയാത്തതിന് കാരണമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു. ദിവസവും നിരവധി തെരുവുനായ ശല്യ പരാതികളാണ് കൗൺസിലർമാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മിക്ക മേഖലകളിലും സാഹചര്യം ഗുരുതരമാണ്. ആരോഗ്യ സ്ഥിരസമിതി അംഗവും പൊന്നുരുന്നി കൗൺസിലറുമായ എം.എക്സ്.സെബാസ്റ്റ്യൻ ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയത് ഇങ്ങനെ: “കുറഞ്ഞതു 10 പേരെയെങ്കിലും അധികമായി റിക്രൂട്ട് ചെയ്താലേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്ന്”.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. നിലവിൽ രണ്ട് വാഹനങ്ങളിലായാണ് നായ്ക്കളെ പിടികൂടാനുള്ള സംഘം പ്രവർത്തിക്കുന്നത്.
അനിമൽ ബർത്ത് കൺട്രോൾ (എബിസി) മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് വേണം നായ്ക്കളെ കൈകാര്യം ചെയ്യാൻ. ഈ വർഷം മാത്രം കോർപറേഷൻ പരിധിയിൽ 86-ൽ അധികം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇടപ്പള്ളി, വൈറ്റില, കൊച്ചി എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചു പ്രവർത്തനം ഏകോപിപ്പിച്ചാൽ കൂടുതൽ ഫലപ്രദമായ രീതിയിൽ തെരുവുനായ നിയന്ത്രണം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ബ്രഹ്മപുരത്ത് എബിസി ഷെൽട്ടർ നിർമിക്കുന്നതിനായുള്ള രൂപരേഖ തയ്യാറാക്കാൻ കോർപറേഷൻ ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

