ഒരുകാലത്ത് ലോകശ്രദ്ധ ആകർഷിച്ച വിധം അടുത്ത സൗഹൃദം പുലർത്തിയിരുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. എന്നാൽ, ട്രംപ് രണ്ടാമതും യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
ആഗോള തലത്തിൽ താരിഫ് യുദ്ധം പ്രഖ്യാപിച്ച ട്രംപ്, ഇന്ത്യയ്ക്കെതിരെ കടുത്ത തീരുവകൾ ചുമത്തിയത് ബന്ധങ്ങളിൽ വിള്ളലുണ്ടാക്കി. പ്രത്യേകിച്ച്, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മാത്രം 25% പിഴത്തീരുവ ചുമത്തിയതും, കാർഷിക-ക്ഷീര മേഖലകളിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂർണമായ പ്രവേശനം ആവശ്യപ്പെട്ടതും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായി.
കൂടാതെ, ഇന്ത്യ-പാക്കിസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയെ ഇന്ത്യ തള്ളിക്കളഞ്ഞതും സ്ഥിതി വഷളാക്കിയിരുന്നു. വാഷിങ്ടണിൽ നടന്ന യുഎസ്ഐഎസ്പിഎഫ് ലീഡർഷിപ്പ് സമ്മിറ്റ് 2026-ൽ സംസാരിക്കവേയാണ് യുഎസ്ഐഎസ്പിഎഫ് ഓണററി സീനിയർ അഡ്വൈസർ അൽ മേസൺ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
നിലവിൽ ഈ അകൽച്ച പരിഹരിക്കുന്നതിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ നിർണായക പങ്ക് വഹിച്ചതായി അദ്ദേഹം വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവന പ്രകാരം, അടുത്ത വർഷം തുടക്കത്തിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുമെന്നാണ് സൂചന. ഇരുനേതാക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി സെർജിയോ ഗോർ വഴി ട്രംപ് ചില പ്രധാന സന്ദേശങ്ങൾ കൈമാറിയിരുന്നു: “ഒന്ന്, ഇന്ത്യയുടെ വളർച്ചയെ പ്രസിഡന്റ് ട്രംപ് ആദരപൂർവം കാണുന്നു.
രണ്ട്, മോദിയുടെ നേതൃത്വത്തെ ട്രംപ് പ്രശംസിക്കുന്നു. മൂന്ന്, ഇന്ത്യയുമായി ട്രംപ് ശക്തമായ ബന്ധം ആഗ്രഹിക്കുന്നു.” ഈ സന്ദേശങ്ങൾ മോദിയിൽ എത്തിക്കാൻ ഗോറിന് സാധിച്ചു.
ഇതിനു പിന്നാലെ ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ച സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു. നിലവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ അന്തിമഘട്ടത്തിലാണെന്നും ഒരു ശതമാനം നടപടികൾ മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും സെർജിയോ ഗോർ അറിയിച്ചു.
കൂടാതെ, ജൂലൈയിൽ ഫിലിപ്പീൻസിൽ വെച്ച് നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

