തൃശൂർ ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളായ അമല, ജൂബിലി എന്നിവിടങ്ങളിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തിവരുന്ന സമരം തുടരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം നിലവിൽ കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ സാന്നിധ്യത്തിൽ ആശുപത്രി അധികൃതരും യുഎൻഎ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഇതിനെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം സമരക്കാർ ബിഷപ് പാലസ് റോഡ് ഉപരോധിച്ചു.
തുടർന്ന്, മന്ത്രി ഒ.ജെ. ജനീഷ് സമരക്കാരുമായി ഫോണിൽ ബന്ധപ്പെടുകയും ആരോഗ്യ, തൊഴിൽ വകുപ്പ് മന്ത്രിമാരുമായി വിഷയം ചർച്ച ചെയ്യാമെന്നും നിയമസഭാ സമ്മേളനത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും ഉറപ്പ് നൽകി.
ഇതിനായി അഞ്ച് ദിവസത്തെ സാവകാശമാണ് മന്ത്രി ആവശ്യപ്പെട്ടതെന്ന് യുഎൻഎ പ്രതിനിധികൾ വ്യക്തമാക്കി. തൊഴിൽ മന്ത്രി വിഷയത്തിൽ കലക്ടറുമായി വിവരങ്ങൾ ആരാഞ്ഞിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ സർക്കാർ പ്രതിനിധിയായി കലക്ടർ ശിഖ സുരേന്ദ്രൻ ബിഷപ് പാലസ് റോഡിലെത്തി സമരക്കാരുമായി അരമണിക്കൂറോളം ചർച്ച നടത്തി. ഈ ചർച്ചയെത്തുടർന്ന് റോഡ് ഉപരോധം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് രാവിലെ പത്തരയോടെ സമരം കലക്ടറേറ്റിന് മുൻപിലേക്ക് മാറ്റി. സമരത്തിന്റെ ഭാഗമായി ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചതെന്ന് യുഎൻഎ അറിയിച്ചു.
ജൂലൈ 4 വരെ സമാധാനപരമായ രീതിയിൽ കലക്ടറേറ്റിന് മുന്നിൽ സമരം തുടരാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

