ചൂണ്ടൽ ഗവ. യുപി സ്കൂളിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.
സ്കൂൾ പരിസരത്ത് തമ്പടിച്ച തെരുവുനായ്ക്കളെ പിടികൂടാൻ ചൂണ്ടൽ പഞ്ചായത്ത് നിയോഗിച്ച സംഘം വൈകിട്ട് നടത്തിയ പരിശോധനയിൽ കാര്യമായ ഫലമുണ്ടായില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിലെ രണ്ട് വിദ്യാർഥികളെ തെരുവുനായ കടിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് പ്രദേശവാസികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മഴക്കാലമായതോടെ സ്കൂൾ വരാന്തകളിലും വാഹന പാർക്കിങ് ഏരിയകളിലും നായകൾ കൂട്ടമായി താവളമടിക്കുകയാണ്. പ്രസവിച്ച നായയും കുഞ്ഞുങ്ങളും സ്റ്റേജിനുള്ളിലെ മുറിയിൽ കയറിപ്പറ്റിയതും വലിയ ഭീഷണിയായി.
നാട്ടുകാർ ചേർന്ന് ഉച്ചയോടെ നായക്കുഞ്ഞുങ്ങളെ സമീപത്തെ മറ്റൊരു ഷെൽട്ടറിലേക്ക് മാറ്റിയെങ്കിലും, തള്ളനായയെ പിടികൂടാൻ സാധിച്ചിട്ടില്ല. സ്കൂൾ ഗേറ്റ് അടച്ചിട്ടാലും മതിലുകൾ ചാടിക്കടന്നാണ് നായകൾ അകത്തേക്ക് കടക്കുന്നത്.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, തെരുവുനായ്ക്കളെ പൂർണമായി നീക്കം ചെയ്യാതെ സ്കൂൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനാധ്യാപിക സി.പി. ഷീജ എഇഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സ്കൂളിന് അവധി നൽകുകയായിരുന്നു. വിവരം അറിഞ്ഞ് ഉച്ചയോടെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്നലെ രാത്രി ചേർന്ന പിടിഎ യോഗത്തിൽ സുരക്ഷാ ഭീഷണിയൊഴിയാതെ സ്കൂൾ തുറന്നുപ്രവർത്തിക്കേണ്ടെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. സ്കൂളിന് ചുറ്റും ഉയരത്തിൽ വേലി നിർമിക്കണമെന്ന് പിടിഎ പ്രസിഡന്റ് സി.ഡി.
പരമേശ്വരൻ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

