പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാനുള്ള നിർണ്ണായക തീരുമാനവുമായി സർക്കാർ മുന്നോട്ട്. നിയമസഭയിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജൂലൈ രണ്ടിന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം യുസിസി കരട് ബിൽ പരിഗണിക്കും. തുടർന്ന്, ഓഗസ്റ്റിൽ വിളിച്ചുചേർക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
യുസിസി കരട് ബിൽ തയ്യാറാക്കുന്നതിനായി പ്രത്യേക സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായി ആണ് സമിതിയുടെ അധ്യക്ഷ.
നിയമവിദഗ്ധരും വിദ്യാഭ്യാസ വിചക്ഷണരും ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെടുന്ന സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഗസ്റ്റിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കുക.
യുസിസി നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും, ഇതിനായി സർക്കാർ പൂർണ്ണ പ്രതിജ്ഞാബദ്ധമാണെന്നും സുവേന്ദു അധികാരി സഭയിൽ ആവർത്തിച്ചു വ്യക്തമാക്കി. ഇതിനിടെ, പശ്ചിമ ബംഗാൾ നിയമസഭ മറ്റൊരു സുപ്രധാന നിയമനിർമ്മാണത്തിന് കൂടി സാക്ഷ്യം വഹിച്ചു.
‘പശ്ചിമ ബംഗാൾ പൊതുസുരക്ഷയും സാമൂഹിക വിരുദ്ധ പ്രവർത്തന നിയന്ത്രണവും ബിൽ, 2026’ ആണ് സഭയിൽ പാസാക്കിയത്. 176 പേരുടെ പിന്തുണയോടെയാണ് ബിൽ പാസായത്; 41 പേർ ഇതിനെ എതിർത്തു.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ ഫലപ്രദമായി നേരിടാനും ക്രിമിനൽ ഗൂഢാലോചനകൾ തടയാനും ഭരണകൂടത്തിന് കൂടുതൽ അധികാരം നൽകുന്നതാണ് ഈ പുതിയ നിയമം. നിലവിലുള്ള നിയമസംവിധാനങ്ങൾ അപര്യാപ്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു പുതിയ ചട്ടക്കൂട് ആവശ്യമായി വന്നതെന്ന് സർക്കാർ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

