തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. യുഡിഎഫ് വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ ആണ് ഒന്നാം പ്രതി. ഇവർക്ക് പുറമെ ഗിരി, പാപ്പനംകോട് സജി, വയൽക്കര രതീഷ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
യുഡിഎഫ് വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിൽ ബിജെപി കൗൺസിലർമാർ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
നഗരസഭയിലെ അജണ്ടകൾ വേഗത്തിൽ പാസാക്കി മേയർ യോഗം പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഇരുവിഭാഗം കൗൺസിലർമാർ തമ്മിൽ സംഘർഷം ഉടലെടുത്തത്. ഹാജർ രജിസ്റ്റർ കൈക്കലാക്കുന്നതുമായി ബന്ധപ്പെട്ട
തർക്കം കെ എസ് ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറി. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതനെ സഹായിക്കുന്നതിനായി ഉദയൻ ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നും, ഇതിനിടെ വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്റെ ആരോപണം.
എന്നാൽ ഹാജർ രജിസ്റ്ററിൽ വെള്ളമൊഴിച്ച് നശിപ്പിക്കാനാണ് യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതെന്ന് മേയർ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

