കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് നേപ്പാൾ സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾ കസബ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ ജയപ്രകാശ് (47), റാണി (30), വയനാട് പൊഴുതന സ്വദേശി രാജേഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബീച്ച് ഹോട്ടലിലെ ബാർ ജീവനക്കാരനായ യുവാവിനെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പ്രതികൾ ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന 30,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഇരയായ യുവാവ് കസബ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
അന്വേഷണത്തിനിടെ ജയപ്രകാശിനെയും റാണിയെയും പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും, രാജേഷിനെ തളി ജൂബിലി ഹാളിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. പിടിയിലായവർ സ്ഥിരം കുറ്റവാളികളാണെന്നും രാജേഷിനെതിരെ വിവിധ ജില്ലകളിൽ കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീകുമാർ, സബ് ഇൻസ്പെക്ടർ ആഷിസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജേഷ് കുമാർ, രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

