എടക്കാട് മേഖലയിലെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ ഗുരുതരമായ സുരക്ഷാ ഭീഷണിയുയർത്തുന്നുവെന്ന് പരാതി. കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിൽ, ചാല സ്റ്റേഷൻ സ്റ്റോപ് മുതൽ ചാല അമ്പലം സ്റ്റോപ് വരെയുള്ള സർവീസ് റോഡിലൂടെ ഗതാഗതം ആരംഭിച്ചതോടെയാണ് യാത്രക്കാർ അപകടസാധ്യതയിലായത്.
പ്രധാന പ്രശ്നങ്ങൾ പ്രധാന റോഡിൽ നിർമാണം നടക്കുന്ന ഭാഗത്തുനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നത് അതീവ അപകടകരമായാണ്. തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് അതിവേഗത്തിലെത്തുന്ന ദീർഘദൂര ബസുകളും ലോറികളും കടന്നുപോകുന്നതിനിടയിലേക്കാണ് കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സർവീസ് റോഡിലേക്ക് കടക്കുന്നത്.
ഈ മേഖലയിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ നിലവിൽ ഏർപ്പെടുത്തിയിട്ടില്ല. രാത്രികാലങ്ങളിൽ തെരുവുവിളക്കുകളുടെ അപര്യാപ്തതയും റോഡ് പണി പൂർത്തിയാകാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
ചാലക്കുന്നിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിദ്യാർഥികൾ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ചാല അമ്പലം ജംക്ഷനിലെ സ്ഥിതി അഞ്ച് റോഡുകൾ സംഗമിക്കുന്ന ചാല അമ്പലം ജംക്ഷനിൽ ഗതാഗത ക്രമീകരണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തലശ്ശേരി ഭാഗത്തുനിന്നുള്ള സർവീസ് റോഡ്, കൂത്തുപറമ്പ് സംസ്ഥാനപാത, ആറ്റടപ്പ റോഡ്, ചാല അമ്പലം–ചിറക്കുതാഴെ റോഡ്, അമ്മൂപറമ്പ്–തോട്ടട റോഡ് എന്നിവ ചേരുന്ന ഈ കവലയിലേക്ക് സർവീസ് റോഡിൽ നിന്ന് വാഹനങ്ങൾ വേഗത്തിൽ പ്രവേശിക്കുന്നത് കൂട്ടിയിടികൾക്ക് കാരണമാകുന്നു.
ജംക്ഷനിൽ അടിയന്തരമായി വേഗം കുറയ്ക്കാനുള്ള സംവിധാനങ്ങൾ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. മൺകൂനകൾ സൃഷ്ടിക്കുന്ന തടസ്സം സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുനൽകിയെങ്കിലും റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴികളിലെ മണ്ണാണ് സർവീസ് റോഡിലേക്ക് തള്ളിയിരിക്കുന്നത്. തോട്ടട
ഭാഗത്തേക്കും കണ്ണൂരിലേക്കും പോകുന്ന ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് വീതികുറഞ്ഞു. മഴ പെയ്യുമ്പോൾ ഈ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് ഇരുചക്ര വാഹനയാത്രക്കാരെയും ദുരിതത്തിലാക്കുന്നു.
ഈ മൺകൂനകൾ നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

