എറണാകുളം റൂറൽ ജില്ലാ പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ നിർണ്ണായക പുരോഗതി. 18 കോടിയോളം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നാണ് പാലക്കാട് സ്വദേശിയായ അബു താഹിറിനെ അന്വേഷണ സംഘം പിടികൂടിയത്. ഈ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിൽ ഉൾപ്പെട്ട
മറ്റ് നാലുപേരെയും പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലേഷ്യ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ: ഞാറയ്ക്കൽ സ്വദേശികളായ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ എറണാകുളം റൂറൽ ഡാൻസാഫ് ടീം കഴിഞ്ഞ ബുധനാഴ്ച പിടികൂടിയതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. ആലുവ മാറമ്പിള്ളി കുന്നുവഴി ഭാഗത്ത് വെച്ച് ബൈക്കിൽ കടത്താൻ ശ്രമിച്ച 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആയുഷിനെ ആദ്യം പിടികൂടുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ, ഇവർ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ തിരച്ചിലിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തുകയും അനികയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ മാസം 12 മുതലാണ് ഇവർ ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്.
എറണാകുളം റൂറൽ ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അതീവ മാരകമായ രാസലഹരി പദാർത്ഥങ്ങളാണ് പിടികൂടിയവയിൽ ഉൾപ്പെടുന്നത്.
എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ, റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്.
സുദർശൻ നേതൃത്വം നൽകുന്ന പ്രത്യേക സംഘമാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

