തിരുവനന്തപുരം നഗരത്തിലെ ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവിൽ നിന്ന് കടുത്ത ശാരീരിക പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും ചാറ്റുകളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
സംഭവത്തിൽ പ്രതിയായ ഭർത്താവ് അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ആരോപണങ്ങൾ ഗൗരവകരമാണ്.
ഭർത്താവിൽ നിന്ന് നിരന്തരം മർദ്ദനമേറ്റിരുന്നതായും, വിവാഹസമയത്ത് നൽകിയ സ്വർണ്ണവും പണവും അതുൽ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. “ഭർത്താവിൽ നിന്ന് ലഭിക്കേണ്ട
സ്നേഹം തനിക്ക് ലഭിച്ചില്ല. പലരോടും തന്റെ വിഷമം പറഞ്ഞു.
പക്ഷെ ആരും കേട്ടില്ല” എന്നിങ്ങനെ തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്ന വരികൾ കത്തിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശരീരത്തിൽ പഴയതും പുതിയതുമായി 17 മുറിവുകൾ കണ്ടെത്തിയിരുന്നു.
മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും സ്വർണ്ണം പണയം വെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിലുണ്ട്.
മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ അമ്മ വെളിപ്പെടുത്തി. വലിയ കടബാധ്യത തീർക്കാൻ സ്വർണ്ണം ഉപയോഗിച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.
കൂടാതെ, മറ്റൊരു യുവതിയുമായുള്ള ബന്ധത്തെ ചൊല്ലിയും ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. മകളെ പലതവണ വീട്ടിലേക്ക് വിളിച്ചെങ്കിലും ഭർത്താവിനോടുള്ള ഇഷ്ടം കാരണം ആരതി മടങ്ങി വരാൻ തയ്യാറായിരുന്നില്ലെന്ന് അമ്മ കൂട്ടിച്ചേർത്തു.
എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുകയാണ് അതുലിന്റെ കുടുംബം. സ്വർണ്ണം പണയം വെച്ചത് ഇരുവരും ചേർന്ന് വാഹനം വാങ്ങാനാണെന്നാണ് അതുലിന്റെ അച്ഛന്റെ വാദം.
നിലവിൽ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

