പാകിസ്താനിലെ വാണിജ്യ തലസ്ഥാനമായ കറാച്ചിയിൽ പാരാമിലിട്ടറി വിഭാഗമായ ‘റേഞ്ചേഴ്സിന്റെ’ പ്രാദേശിക ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
കറാച്ചിയിലെ പ്രധാന പാതയിലുള്ള റേഞ്ചേഴ്സ് ആസ്ഥാനത്തിന്റെ ഗേറ്റിന് സമീപം ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചത്. സ്ഫോടനത്തിന് പിന്നാലെ അക്രമികൾ പ്രദേശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
പ്രമുഖ സർവ്വകലാശാലകളും പാകിസ്താൻ കാലാവസ്ഥാ വകുപ്പ് ഓഫീസും സ്ഥിതി ചെയ്യുന്ന സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്. സംഭവത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ഫോഴ്സും പോലീസ് കമാൻഡോകളും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് പ്രദേശം വളയുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു.
അക്രമികൾക്ക് നേരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമികൾ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

