സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രത്യേക പരിശോധനയായ ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മാത്രം സംസ്ഥാനത്ത് 109 കേസുകൾ രജിസ്റ്റർ ചെയ്യുകയും 131 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡുകൾ നടന്നു. തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഹരിമരുന്നുമായി നിരവധി പേർ പിടിയിലായിട്ടുണ്ട്.
കഴക്കൂട്ടത്ത് സ്ഥിരം ലഹരിവില്പനക്കാരനായ ഷാരോൺ എന്നയാളെ ഏഴു കിലോഗ്രാം എം ഡി എം എയുമായി ഡാൻസാഫ് സംഘം പിടികൂടി. കാട്ടാക്കടയിൽ നടത്തിയ പരിശോധനയിൽ അജിത്ത് എന്നയാൾ കസ്റ്റഡിയിലായി.
ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം നിർത്താതെ പോയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാളുടെ വീട്ടിൽ നിന്നും തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. വർക്കലയിൽ ഡാൻസാഫ് നടത്തിയ റെയ്ഡിൽ വടശ്ശേരിക്കോണം സ്വദേശി സതീഷ് മീഡിയം ക്വാണ്ടിറ്റി എം ഡി എം എയുമായി പിടിയിലായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ കണക്കുകൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 25 വരെ 4037 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവിധ കേസുകളിലായി 4340 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഈ കാലയളവിൽ 2203 ഗ്രാം എം ഡി എം എയും 376 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ഇതിനുപുറമെ, കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിയിലുള്ള 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

