മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന രീതിയിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പൊലീസ് നേതൃത്വം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനുമുമ്പും പലതവണ നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും, ചില ഉദ്യോഗസ്ഥർ ഇപ്പോഴും പഴയ മാതൃകയിൽ അനാവശ്യമായി റോഡുകൾ അടച്ചിടുന്നത് തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഔദ്യോഗിക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രാവേളയിൽ അനാവശ്യമായി റൂട്ട് ബന്തവസ് ഏർപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് വയർലെസ് സന്ദേശത്തിലൂടെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാൻ പാടില്ലെന്നും, അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കി പരമാവധി സുഗമമായ ക്രമീകരണങ്ങൾ മാത്രം ഒരുക്കിയാൽ മതിയെന്നുമാണ് നിർദ്ദേശം. ചില ഉദ്യോഗസ്ഥർ ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉയരുന്നുണ്ട്.
തന്റെ യാത്രയിൽ പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന് VD Satheesan അധികാരമേറ്റതിന് പിന്നാലെ ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് ജനമധ്യത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണെന്ന് വരുത്തിത്തീർക്കാൻ ചില ഉദ്യോഗസ്ഥർ മനപ്പൂർവം ഗതാഗത നിയന്ത്രണം കർശനമാക്കുന്നതായാണ് റിപ്പോർട്ട്.
ഈ പ്രവണത ആശാസ്യമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സുരക്ഷാ വിഭാഗവും സിറ്റി പൊലീസ് കമ്മിഷണർക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായ തിരുത്തൽ നടപടികളിലേക്ക് പോലീസ് ഉന്നതർ കടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

