ലക്ഷദ്വീപിലെ കവരത്തിയിൽ വച്ച് ബോട്ടിലിടിച്ച് ചിറകിന് കേടുപാടുകൾ സംഭവിച്ച സീ പ്ലെയിൻ കൊച്ചിയിൽ എത്തിച്ചു. ഡിജിസിഎ (DGCA) വ്യാഴാഴ്ച വൈകുന്നേരത്തോടെ വിമാനം പറത്തുന്നതിനുള്ള അനുമതി നൽകിയിരുന്നെങ്കിലും, സൂര്യാസ്തമയത്തിന് ശേഷം ടേക്ക് ഓഫ് ചെയ്യാൻ അനുവാദമില്ലാത്തതിനാൽ യാത്ര ഇന്നലെ രാവിലെയിലേക്ക് മാറ്റുകയായിരുന്നു.
കവരത്തിയിൽ നിന്ന് ഇന്നലെ രാവിലെ 10 മണിക്ക് പറന്നുയർന്ന വിമാനം 11.30-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. മലയാളിയായ ക്യാപ്റ്റൻ അരുൺ ഗോപാണ് വിമാനം പൈലറ്റ് ചെയ്തത്.
അറ്റകുറ്റപ്പണികൾ
വിമാനത്തിന്റെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബോട്ടിലിടിച്ച് ചളുങ്ങിയ ചിറകിന്റെ ഭാഗം പൂർണമായും മാറ്റി പുതിയത് സ്ഥാപിക്കും.
വിമാന നിർമ്മാതാക്കൾ നൽകിയിട്ടുള്ള മാർഗ്ഗരേഖകൾ കർശനമായി പാലിച്ചായിരിക്കും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക. അറ്റകുറ്റപ്പണിക്ക് ശേഷം ഡിജിസിഎ വീണ്ടും പരിശോധന നടത്തും.
ഈ നടപടികൾ പൂർത്തിയാക്കി ജൂലൈ ആദ്യവാരത്തോടെ കൊച്ചി–ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവം ഇങ്ങനെ
സ്കൈ ഹോപ് ഏവിയേഷൻ കമ്പനിയുടെ സീ പ്ലെയിൻ തിങ്കളാഴ്ചയാണ് അപകടത്തിൽപ്പെട്ടത്.
പരിശീലന പറക്കലിന്റെ ഭാഗമായി കവരത്തി ജെട്ടിയിൽ വിമാനം നിർത്തിയിട്ടിരുന്ന സമയത്ത് ശക്തമായ കാറ്റിൽ കയർ പൊട്ടി വിമാനം ഒഴുകി ബോട്ടിൽ തട്ടുകയായിരുന്നു. ഫസ്റ്റ് ഓഫീസർ വിമാനത്തിനുള്ളിലേക്ക് വേഗത്തിൽ പ്രവേശിക്കുകയും സുരക്ഷിതമായ അകലത്തേക്ക് മാറ്റുകയും ചെയ്തതിനാലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

