പ്രമുഖ കമ്പനിയിൽ അപ്രതീക്ഷിതമായി നടന്ന അഴിച്ചുപണിയിൽ നൂറ്റമ്പതോളം ഐടി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാനേജ്മെന്റ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്.
മൈക്രോസോഫ്റ്റ് ടീംസ് വഴിയുള്ള ഓൺലൈൻ മീറ്റിംഗിലൂടെയാണ് ജീവനക്കാരെ പിരിച്ചുവിട്ട വിവരം അധികൃതർ അറിയിച്ചത്.
യാതൊരുവിധ മുന്നറിയിപ്പും നൽകാതെ രാത്രി 9 മണിക്ക് വിളിച്ചുചേർത്ത അടിയന്തര യോഗത്തിലൂടെയായിരുന്നു ഈ നടപടി. സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്.
കമ്പനിയിൽ ഇന്റേൺ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച താൻ പിന്നീട് ഫുൾ ടൈം സോഫ്റ്റ്വെയർ എഞ്ചിനീയറായി മാറിയെന്നും, ഫുൾ സ്റ്റാക്ക് ഡെവലപ്പറായി ഏകദേശം 1.8 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ഞാൻ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് ഇന്റേണായിട്ടാണ് ചേർന്നത്, 7 മാസത്തോളം അവിടെ ജോലി ചെയ്തു, ഭാഗ്യവശാൽ ഒരു ഫുൾ ടൈം സോഫ്റ്റ്വെയർ എഞ്ചിനീയറായി മാറി.
ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പറായി ഞാൻ ഈ കമ്പനിയിൽ ഏകദേശം 1.8 വർഷം ജോലി ചെയ്തു’ എന്ന് അദ്ദേഹം വ്യക്തമാക്കി. പിരിച്ചുവിടലിനൊപ്പം യാതൊരുവിധ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിച്ചില്ലെന്നതാണ് ജീവനക്കാരെ ഏറെ പ്രയാസത്തിലാക്കിയത്.
‘അവിടെ സെവറൻസോ ലേഓഫ് പാക്കേജോ ഇല്ലായിരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ കഠിനമാക്കി. ഒരു മീറ്റിംഗ്, അതോടെ എല്ലാം കഴിഞ്ഞു’ എന്നാണ് അദ്ദേഹം കുറിച്ചത്.
കടുത്ത പ്രതിസന്ധികൾക്കിടയിലും, താൻ ജോലി ചെയ്ത കാലയളവിൽ ലഭിച്ച അറിവുകൾക്കും സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്ക് തൊഴിൽ കണ്ടെത്താനും അഭിമുഖങ്ങൾക്ക് തയ്യാറെടുക്കാനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കായി അദ്ദേഹം സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
സെവറൻസ് ആനുകൂല്യങ്ങൾ നൽകാതെയുള്ള കമ്പനിയുടെ ഈ നടപടിക്കെതിരെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

